ഉക്രൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം. 2004-ലെ പ്രസിദ്ധമായ ഓറഞ്ച് റവലൂഷനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭമാണ് ഉക്രൈന് തലസ്ഥാനമായ കീവില്‍ നടക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണ കരാര്‍ അംഗീകരിക്കാന്‍ ഉക്രൈന് സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ അംഗരാജ്യങ്ങളിലേക്ക് യാത്രാ ഇളവും ലക്ഷ്യമിട്ടാണ് കരാര്‍. എന്നാല്‍ കരാര്‍ ഒപ്പുവക്കാന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് വിസമ്മതം പ്രകടിപ്പിച്ചതോടെയാണ് പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
പ്രധാന പ്രതിപക്ഷമായ ഓള് ഉക്രൈന് ഫാദര്ലന്റ് യൂണിയന്റെ നേതൃത്വത്തിന്റെ ആറോളം പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് രാജി വെക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ കരാറില്‍ ഒപ്പ് വച്ചാല്‍ അത് റഷ്യയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രസിഡന്റിന്റെ വാദം. പ്രക്ഷോഭത്തിനിടെ പ്രസിഡന്റിനു മര്‍ദ്ദനമേറ്റു. എന്നാല്‍ സമരത്തിനുള്ള പിന്തുണ ഇല്ലാതാക്കാനാണ് പ്രസിഡന്റിന് മര്‍ദ്ദനമേറ്റതെന്ന ആരോപണമെന്ന് പ്രതിപക്ഷം പറഞ്ഞു.
ശനിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. രണ്ടു ലക്ഷത്തിലധികം പ്രക്ഷോഭകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അതേസമയം പ്രക്ഷോഭം പരിധി വിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. 100-ലധികം പോലീസുദ്യോഗസ്ഥര്‍ക്ക് പ്രക്ഷോഭത്തിനിടക്ക് പരിക്കേറ്റിട്ടുണ്ട്.
