റഷ്യന്‍ ആണവോര്‍ജ ഏജന്‍സി റോസാറ്റവുമായി ചേര്‍ന്ന് നടത്തിയിരുന്ന സമാധാനപരമായ ആണവോര്‍ജ പദ്ധതികള്‍ യു.എസ് ഊര്‍ജ വകുപ്പ് നിര്‍ത്തിവെച്ചു. ഉക്രൈന് പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ സഹകരണം നിര്‍ത്തിവെക്കുന്നതായി കഴിഞ്ഞ ദിവസം യു.എസ് ബഹിരാകാശ ഏജന്‍സി നാസ അറിയിച്ചിരുന്നു.
എന്നാല്‍, നടപടി കൂടുതലും പ്രതീകാത്മകമാണെന്നും വന്‍ ഇടപാടുകളെ ബാധിക്കുകയില്ലെന്നും വിദഗ്ദ്ധര്‍ കരുതുന്നു. ശാസ്ത്ര മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട പദ്ധതികളാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് റോസാറ്റം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. യു.എസ്സിലെ സ്വകാര്യ കമ്പനികളുമായി ഏര്‍പ്പെട്ടിരിക്കുന്ന ഇടപാടുകളെ സര്‍ക്കാര്‍ തീരുമാനം ബാധിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
റഷ്യയുടെ ഫെഡറല്‍ സ്പേസ് ഏജന്‍സിയുമായി ബുധനാഴ്ചയാണ് നാസ നിസ്സഹകരണം പ്രഖ്യാപിച്ചത്. എന്നാല്‍, അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ സഹകരണം തുടരുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. ഇവിടേക്ക് ഇപ്പോള്‍ റഷ്യയുടെ യാത്രാവാഹനങ്ങള്‍ മാത്രമേ നിലവിലുള്ളൂ.
