Skip to main content
ഡമാസ്കസ്

syria chemical attack

 

സിറിയയില്‍ വെള്ളിയാഴ്ച നടന്ന രാസായുധ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ വിമത സംഘടനയായ നുസ്ര മുന്നണിയാണ് ആക്രമണത്തിനു പിന്നിലെന്ന് സിറിയയിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ആരോപിച്ചു. എന്നാല്‍, സര്‍ക്കാറിന്റെ ഭാഗത്ത് നിന്നാണ് ആക്രമണമുണ്ടായതെന്ന് പ്രതിപക്ഷം പറയുന്നു.

 

സിറിയയിലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദിനെ പുറത്താക്കാന്‍ സായുധ കലാപം നടത്തുന്ന വിമത സംഘങ്ങളില്‍ അല്‍-ക്വൈദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ മുസ്ലിം സംഘടനയാണ് നുസ്ര മുന്നണി. സിറിയയുടെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ഇവര്‍ ക്ലോറിന്‍ വാതകം ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ രണ്ട് ആക്രമണങ്ങള്‍ കൂടി സംഘം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

 

കൊച്ചുകുട്ടികള്‍ അടക്കമുള്ള രാസായുധ ആക്രമണത്തിന്റെ ഇരകളുടേത് എന്ന്‍ അവകാശപ്പെട്ട് കൊണ്ടുള്ള ചിത്രങ്ങള്‍ പ്രതിപക്ഷമായ സിറിയന്‍ ദേശീയ സഖ്യം ശനിയാഴ്ച പുറത്തുവിട്ടിരുന്നു. തലസ്ഥാനമായ ദഡമാസ്കസിന് 200 കിലോമീറ്റര്‍ വടക്കായി കഫര്‍ സെയ്ത എന്ന ഗ്രാമത്തിലെ ഒരു ആശുപത്രിയില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍.

 

2013 ആഗസ്തില്‍ ഡമാസ്കസിനടുത്തുള്ള ഘൌത ഗ്രാമത്തില്‍ നടന്ന രാസായുധ ആക്രമണത്തില്‍ 1,400 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന്‍ നടന്ന ചര്‍ച്ചകളില്‍ അസ്സാദ് സര്‍ക്കാര്‍ തങ്ങളുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിരീക്ഷണത്തില്‍ നശിപ്പിച്ചിരുന്നു.

Tags