Skip to main content
ബാഗ്ദാദ്

isis in mosul

 

സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസ് ഇറാഖിലും സിറിയയിലും തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. സംഘടനയുടെ തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദാദിയെ രാഷ്ട്രത്തലവനായ ഖലീഫ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ സിറിയയിലെ അലേപ്പോ മുതല്‍ കിഴക്കന്‍ ഇറാഖിലെ ദിയാല പ്രവിശ്യ വരെ വ്യാപിക്കുന്ന പ്രദേശങ്ങളെയാണ് സംഘടന ഖിലാഫത്ത് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ലോകമെങ്ങുമുള്ള മുസ്ലിം ജനതയോട് ജനാധിപത്യം പോലുള്ള പാശ്ചാത്യ ജീര്‍ണ്ണതകള്‍ അവസാനിപ്പിക്കാനും പുതിയ ഖലീഫയോട് കൂറ് പ്രഖ്യാപിക്കാനും ഇന്റര്‍നെറ്റില്‍ പുറത്തിറക്കിയ വീഡിയോ പ്രഖ്യാപനത്തില്‍ സംഘടന ആവശ്യപ്പെട്ടു. മുസ്ലിം മതവിശ്വാസികള്‍ പുണ്യമാസമായി കരുതുന്ന റംസാന്‍റെ ആദ്യദിവസമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഇറാഖ് പാര്‍ലിമെന്റ് ആദ്യമായി യോഗം ചേരുന്നത് നാളെയാണ്.    

 

അല്‍-ക്വൈദയില്‍ നിന്ന്‍ വിട്ടുപോന്ന ഐ.എസ്.ഐ.എസ് ഇറാഖിലും സിറിയന്‍ ഭൂവിഭാഗങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന ലെവാന്റ് (അറബിയില്‍ അല്‍-ഷാം) എന്നറിയപ്പെടുന്ന പ്രദേശത്തും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ അല്‍-ഷാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ സിറിയ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ ദ ലെവാന്റ് (ഐ.എസ്.ഇ.എല്‍) എന്നീ വിവിധ പേരുകളില്‍ സംഘടന അറിയപ്പെടുന്നു. ജൂണ്‍ ആദ്യവാരം നടത്തിയ മിന്നല്‍ ആക്രമണത്തിലൂടെ വടക്കന്‍ ഇറാഖിലെ ഒട്ടേറെ നഗരങ്ങളുടെ നിയന്ത്രണം സംഘടന പിടിച്ചെടുത്തിരുന്നു.

 

അതേസമയം, ബാഗ്ദാദിന് സമീപമുള്ള തിക്രിതിന്‍റെ നിയന്ത്രണം ഐ.എസ്.ഐ.എസില്‍ നിന്ന്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം കടുത്ത ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ജന്മദേശമാണ് തിക്രിത്. 46 മലയാളി നഴ്സുമാര്‍ തിക്രിതില്‍ കുടുങ്ങിയിട്ടുണ്ട്.