തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐ.എസ്) യു.എസ് സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയതായി യു.എസ് പ്രതിരോധ കാര്യാലയം പെന്റഗണ്‍ തിങ്കളാഴ്ച രാത്രി അറിയിച്ചു. യു.എസും പങ്കാളി രാഷ്ട്രങ്ങളും ചേര്‍ന്നാണ് ആക്രമണം നടത്തുന്നതെന്ന് പെന്റഗണ്‍ വക്താവ് റിയര്‍ അഡ്മിറല്‍ ജോണ് കിര്‍ബി സ്ഥിരീകരിച്ചു. ആക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്നും കിര്‍ബി പറഞ്ഞു.
സൗദി അറേബ്യയും യു.എ.ഇയും ഖത്തറും ബഹറിനും ജോര്‍ദാനുമാണ് യു.എസിനൊപ്പം ആക്രമണത്തില്‍ പങ്കെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിറിയയിലേയും ഇറാഖിലേയും ഐ.എസിനെതിരെയുള്ള നീക്കത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ യു.എന്‍ രക്ഷാസമിതിയെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പായാണ് സിറിയയില്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്.
അതേസമയം, സിറിയന്‍ സര്‍ക്കാറിന്റെ സമ്മതമില്ലാതെയാണ് ആക്രമണം. എന്നാല്‍, തങ്ങളുടെ യു.എന്‍ സ്ഥാനപതിയ്ക്ക് ആക്രമണങ്ങള്‍ക്ക് മുന്‍പ് വിവരം നല്‍കിയിരുന്നുവെന്ന് സിറിയ അറിയിച്ചു. 2013-ല്‍ ഐ.എസ് പിടിച്ച റഖ നഗരത്തിലാണ് ആക്രമണം നടന്നത്.
ഐ.എസിനെതിരെ ഇറാഖിനു പുറമേ വേണ്ടിവന്നാല്‍ സിറിയയിലും ആക്രമണം നടത്തുമെന്ന് ഈ മാസമാദ്യം ഒബാമ പ്രഖ്യാപിച്ചിരുന്നു. സിറിയയില്‍ മൂന്ന്‍ വര്‍ഷത്തിലധികമായി നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദിനെ അനുകൂലിക്കുന്ന സൈന്യത്തിനെതിരെയും മറ്റ് വിമത സേനകളുമായുമുള്ള പോരാട്ടത്തിലൂടെ ഒട്ടേറെ ഭൂപ്രദേശങ്ങളുടെ നിയന്ത്രണം ഐ.എസ് കയ്യടക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ മിന്നല്‍ ആക്രമണങ്ങളിലൂടെ വടക്കന്‍ ഇറാഖിലെ മൊസുള്‍ ആക്രമിക്കുകയും വന്‍ ഭൂപ്രദേശങ്ങള്‍ കയ്യടക്കുകയും ചെയ്ത് ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ചതോടെയാണ് ഐ.എസിനെതിരെ ലോകശ്രദ്ധ തിരിഞ്ഞത്. ഇറാഖിലെ കുര്‍ദ് മേഖലകള്‍ ലക്ഷ്യമാക്കി നീങ്ങിയ സംഘടനക്കെതിരെ യു.എസ് ആഗസ്തില്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നു.