Skip to main content
ദമാസ്കസ്

 

വടക്കുകിഴക്കന്‍ സിറിയയില്‍ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തട്ടിക്കൊണ്ടുപോയ ക്രിസ്ത്യാനികളുടെ എണ്ണം 220 ആയെന്ന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. തിങ്കളാഴ്ച മുതലാണ്‌ ഐ.എസ് പോരാളികള്‍ ഹസ്സകെ പ്രവിശ്യയില്‍ ഖബുര്‍ നദിയുടെ തീരത്തെ ഗ്രാമങ്ങള്‍ ആക്രമിക്കാനും അസീറിയന്‍ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകാനും തുടങ്ങിയത്. ഈ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് പേര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

 

കഴിഞ്ഞ മൂന്ന്‍ ദിവസങ്ങളില്‍ ഖബുറിനു സമീപം തന്നെയുള്ള തല്‍ തമര്‍ പട്ടണത്തിലെ ഒട്ടേറെ ക്രിസ്ത്യാനികളെ കൂടി ഐ.എസ് തടവില്‍ പിടിച്ചിട്ടുണ്ടെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. തല്‍ തമറിനു പരിസരത്തുള്ള ഗ്രാമങ്ങളാണ് തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്. 70-നും 100-നും ഇടയില്‍ ആളുകളെ അന്ന്‍ ഐ.എസ് തടവില്‍ പിടിച്ചിരുന്നു.

 

പ്രാചീന നാഗരികതയായ മെസോപോട്ടാമിയയില്‍ വേരുകള്‍ അവകാശപ്പെടുന്ന തദ്ദേശ സമൂഹമായ അസീറിയന്‍ ക്രിസ്ത്യാനികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശമാണിത്. ഇറാഖിലും സിറിയയിലും വന്‍ ഭൂപ്രദേശങ്ങളുടെ നിയന്ത്രണം കയ്യടക്കിയിട്ടുള്ള ഐ.എസ് മറ്റ് മതവിശ്വാസികള്‍ക്കെതിരെയും ഇസ്ലാമിലെ തന്നെ വ്യത്യസ്ത ധാരകള്‍ക്കെതിരെയും കടുത്ത നിലപാടുകള്‍ ആണ് എടുത്തിട്ടുള്ളത്.

 

ക്രിസ്ത്യാനികളെ തടവില്‍ പിടിച്ചതായി ഐ.എസ് റേഡിയോ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവരെ എന്ത് ചെയ്യുമെന്ന് ഐ.എസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ച ഐ.എസിന്റെ ലിബിയയിലെ വിഭാഗം ഇരുപതോളം ഈജിപ്തുകാരായ കോപ്റ്റിക് ക്രിസ്ത്യാനികളെ തലയറുത്ത് വധിച്ചിരുന്നു.

Tags