Skip to main content

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം സുപ്രീം കോടതി ഭേദഗതികളോടെ അംഗീകരിച്ചു. ഹജ്ജിനു പോകുന്നത് സബ്സിഡി കൊണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഘട്ടം ഘട്ടമായി കുറച്ച് പത്തു വര്‍ഷത്തിനുള്ളില്‍ സബ്സിഡി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഹജ്ജ് നയത്തിനെതിരെ കോടതികളെ സമീപിക്കുന്നതും ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായി എന്നിവരുടെ ബഞ്ച് വിലക്കിയിട്ടുണ്ട്.

 

ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഒരു തവണ മാത്രമേ തീര്‍ഥാടനം ചെയ്യാന്‍ അനുവാദമുള്ളൂ. അല്ലാത്തവര്‍ക്ക് സ്വന്തം നിലയില്‍ പോകാമെന്ന് കോടതി പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പോയവരെ സ്വകാര്യ ക്വോട്ടയില്‍ ഹജ്ജ് അനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.

 

സ്വകാര്യ ഹജ്ജ് നയം ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്ക് ആയിരിക്കണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് നയം ചോദ്യം ചെയ്യുന്നത് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രത്യേക പരിഗണന, സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, വിമാന യാത്രക്കൂലിയില്‍ ഇളവ് എന്നിവയാണ് സുപ്രീം കോടതി അംഗീകരിച്ച വ്യവസ്ഥകള്‍. സര്‍ക്കാറും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും തമ്മിലുണ്ടാക്കിയ കരാറിനും കോടതി അംഗീകാരം നല്‍കി.