ഐ.പി.എല്ലില്‍ നിന്ന് പൂനെ വാരിയേഴ്സിനെ പുറത്താക്കി. ഫ്രാഞ്ചൈസി തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമായ പൂനെ വാരിയേഴ്സിനെ പുറത്താക്കിയത്. തുക നൽകണമെന്ന് ബി.സി.സി.ഐ പലപ്പോഴായി പൂനെ വാരിയേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടീം തയ്യാറാവാതെ വന്നതോടെ പുറത്താക്കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.
ഐ.പി.എല്ലില്‍ തുടരുന്നതിന് 170.2 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി സഹാറ ഗ്രൂപ്പ് നല്കേണ്ടിയിരുന്നു. ഇത് നല്‍കാത്തതിനെ തുടര്‍ന്ന് 30 ദിവസത്തെ കാരണം കാണിക്കല്‍ നോട്ടീസ് ബി.സി.സി.ഐ ഇവര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഇത് പരിഗണിച്ചില്ലെന്ന് ബി.സി.സി.ഐ പറഞ്ഞു.
കൊച്ചിന് ടസ്ക്കേഴ്സിനെ ഇതേ കാരണത്താല്‍ നേരത്തെ പുറത്താക്കിയിരുന്നു. ഇതോടെ ഐ.പി.എല്ലിലെ ടീമുകളുടെ എണ്ണം ഏഴായി ചുരുങ്ങി. ഫ്രാഞ്ചൈസി തുക സംബന്ധിച്ച് പൂനെ വാരിയേഴ്സും ബി.സി.സി.ഐയും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
