മൂന്ന്‍ വര്‍ഷത്തിലധികമായി ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ ഇന്ന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബഹിഷ്കരണത്തിന് വിമതര്‍ ആഹ്വാനം നല്‍കിയിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടം മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ് ജയിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു.
അസ്സാദ് കുടുംബത്തിന്റെ സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന സിറിയയില്‍ കഴിഞ്ഞ 40 വര്‍ഷ കാലയളവില്‍ ആദ്യമായി ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന സവിശേഷത ഈ തെരഞ്ഞെടുപ്പിനുണ്ട്. ഏഴു വര്‍ഷ കാലാവധിയുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ രണ്ട് തവണയും ബാഷര്‍ അല്‍-അസ്സാദ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ രണ്ട് സ്ഥാനാര്‍ഥികള്‍ കൂടി മത്സരരംഗത്തുണ്ടെങ്കിലും എന്തെങ്കിലും സ്വാധീനം ഇവര്‍ക്കുള്ളതായി നിരീക്ഷകര്‍ കരുതുന്നില്ല.
അസ്സാദിനെ നീക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിമതരും സര്‍ക്കാറിന്റെ മറ്റ് വിമര്‍ശകരും തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് കുറ്റപ്പെടുത്തി. രണ്ട് പ്രമുഖ പ്രതിപക്ഷ സംഘങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. സിറിയയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ വിമത സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നില്ല.
അയല്‍രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന 27 ലക്ഷം വരുന്ന സിറിയയിലെ പൗരര്‍ കഴിഞ്ഞ ആഴ്ച വോട്ടു രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി 1.58 കോടി വോട്ടര്‍മാരുണ്ടെന്നാണ് ആഭ്യന്തര വകുപ്പ് അറിയിക്കുന്നത്. ഇവര്‍ക്കായി 9,600 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ 1.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇവരില്‍ മൂന്നിലൊന്നും സാധാരണക്കാരാണ്.