നാല് മാസം നീണ്ട വരുമാനം വെളിപ്പെടുത്തൽ പദ്ധതി സെപ്റ്റംബർ 30ന് അവസാനിപ്പിച്ചപ്പോൾ കള്ളപ്പണം വെളിപ്പെടുത്തിയത് 64,275 പേർ. ആകെ 65,520 കോടി രൂപയാണ് ഇതിലൂടെ സർക്കാരിന് ലഭിച്ചത്. ഇത് ഇന്ത്യയുടെ സഞ്ചിത നിധിയിൽ നിക്ഷേപിച്ച് പൊതുക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളിലൂടെ 56,738 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്തിയിട്ടുണ്ട്. കണക്കു പരിശോധന പൂർത്തിയാകുമ്പോൾ ലഭ്യമായ കള്ളപ്പണത്തിന്റെ തുക ഇനിയും വർധിച്ചേക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
എച്ച്.എസ്.ബി.സി ബാങ്ക് കള്ളപ്പണ പട്ടികയിൽ നിന്ന് നികുതി വെട്ടിച്ചവർക്കെതിരെ സർക്കാർ 164 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ജെയ്റ്റ്ലി അറിയിച്ചു. പട്ടികയിൽ നിന്ന് 8000 കോടി രൂപ കണക്കാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വരുമാനം വെളിപ്പെടുത്തൽ പദ്ധതി വഴി കളളപ്പണം വെളിപ്പെടുത്തിയവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി പറഞ്ഞു.
