സബ്സിഡി ഇനത്തിൽ ലഭിക്കുന്ന പാചകവാതകത്തിന് സംസ്ഥാനം ഈടാക്കുന്ന മൂല്യ വർദ്ധിത നികുതി (വാറ്റ്) ഒഴിവാക്കിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതോടെ കേരളത്തിൽ 41.32 രൂപ കുറയുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കുന്നതിന് രണ്ടു മാസം കൂടി സമയം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്കും അനാഥാലയങ്ങൾക്കും ലഭിക്കുന്ന സിലിണ്ടറുകൾക്ക് സബ്സിഡി ലഭിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. സി.പി.ഐ.എമ്മിന്റെ സമരം കൊണ്ടല്ല സബ്സിഡി ഇനത്തിൽ നൽകുന്ന സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജനപിന്തുണയില്ലാതെ വന്നതു കൊണ്ടാണ് സിപി.ഐ.എമ്മിന് സമരം നിറുത്തേണ്ടി വന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു സി.പി.ഐ.എം സമരം നടത്തിയത്. ജനപിന്തുണയില്ലാത്ത ഇത്തരം സമരങ്ങൾ തുടരണമോയെന്ന കാര്യം ഇനിയെങ്കിലും സി.പി.ഐ.എം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിയമന നിരോധനം ഏർപ്പെടുത്തിയെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി. നിയമന നിരോധനം സർക്കാരിന്റെ നയമല്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടി, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
