Skip to main content

theni-accident

തദ്ദേശീയമായ തനത് സംസ്‌കാരങ്ങളെ അതാതിടത്തെ ജനതയിലൂടെ ഇല്ലായ്മ ചെയ്യാന്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഐക്യരാഷ്ട്രസഭയുടെ ഓരോ ദിനാചരണങ്ങളും. അതിന്റെ പിന്നിലെ ലക്ഷ്യം വികസിത രാജ്യങ്ങളിലെ ചൂഷണാധിഷ്ഠിത  കമ്പോളത്തിന് ചെലവില്ലാതെ വ്യാപ്തി ഉണ്ടാക്കികൊടുക്കുക എന്നതാണ്. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത ഏറ്റവും പുരോഗമനപരമായ ആശയങ്ങളായിരിക്കും ഓരോ ദിവസവും മുന്നോട്ട് വയ്ക്കുക, ഉദാഹരണത്തിന് കിഡ്‌നി ദിനം കാന്‍സര്‍ ദിനം എന്നിവ . കിഡ്‌നി ദിനവും കാന്‍സര്‍ ദിനവുമൊക്കെ മാധ്യമങ്ങളുടെ അകമ്പടിയോടുകൂടി അതാത് പ്രദേശിങ്ങളിലെ സര്‍ക്കാരുകളും ഗംഭീരമായി ആഘോഷിക്കുന്നു. അന്നേ ദിവസം മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ ദിനാഘോഷണത്തിന്റെ താല്പര്യം മനസ്സിലാകും. അടുത്ത ദിവസത്തെ  പത്രത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി  ആശുപത്രികള്‍ നല്‍കുന്ന വന്‍ പരസ്യങ്ങളും കിഡ്‌നി ദിനാശംസകളും, നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ കിഡ്‌നി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ വാര്‍ത്തയും ചിത്രങ്ങളും കാണാം. അതേപോലെ തന്നെയാണ്‌ കാന്‍സറിന്റെ കാര്യവും, കൂട്ടയോട്ടം തുടങ്ങി കാന്‍സറിന്റെ കാല്‍പ്പനിക വല്‍ക്കരണം വരെ എത്തിനില്‍ക്കുന്നു. അതിന്റെ ഓടുവിലത്തെ ഉദാഹരണമാണ് കൊച്ചി മെട്രോ റെയിലിന്റെ തൂണുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കൊതിപ്പിക്കുന്ന കാന്‍സര്‍ പരസ്യങ്ങള്‍.

 

സാമ്പത്തികമാമായി മുന്നോട്ട് വന്നിട്ടുള്ള സ്ത്രീകളെ പ്രത്യേകിച്ച് യുവ തലമുറയെ കമ്പോളത്തിന്റെ ആഘോഷത്തിന് ഒരുക്കി കൊടുക്കുക എന്നുള്ളത് തന്നെയാണ്  വനിതാ ദിനാഘോഷത്തിന്റെയും പ്രസക്തി. ബുദ്ധിജീവികളും പുരോഗമന സംഘടനകളും ഇത് കൊണ്ടാടുമ്പോള്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും, സ്ത്രീശരീരചുളിവ്‌നിവര്‍ത്തന ചികിത്സാ പദ്ധതികളും, പരസ്യങ്ങളും കൊണ്ട് മാധ്യമങ്ങള്‍ നിറയുന്നു. സ്ത്രീക്ക് എങ്ങനെ സുരക്ഷിതമായും സ്വതന്ത്രമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ജീവിതം ആഘോഷിക്കാം എന്നുള്ളത് സംബന്ധിച്ചും വനിതാദിനാശംസകളുടെയും പരസ്യങ്ങള്‍ പത്രങ്ങളിലും മാധ്യമങ്ങളിലും  ആ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

 

അത്തരം ഒരു  ആഘോഷത്തിന്റെ നിഷ്‌കളങ്കരായ ഇരകളാണ് കൊളുക്കുമലയില്‍ ജീവനോടെ കത്തിയെരിഞ്ഞത്. വര്‍ത്തമാന കാലത്തിന്റെ ഇരകളായി അവരെ കാണാം. കണ്ടക്റ്റഡ്  ടൂറുകളിലൂടെ കൊടുമുടികള്‍ കീഴടക്കിയല്ല വനിതാ സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടത്. ഓരോ വ്യക്തിയുടെയും താല്‍പര്യവും വാസനയും അനുസരിച്ച് സ്വതന്ത്രമായി സര്‍ഗാത്മകതയെ വികസിപ്പിക്കാന്‍ അവസരം ഉണ്ടാകുമ്പോഴാണ് സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യം അനുഭവിക്കുന്നത്. മോചിതമാകുന്നത്. അതിന് തടസ്സം നില്‍ക്കുന്ന ഏത് ഘടകങ്ങളും ആ സ്വാതന്ത്ര്യത്തെ വിലക്കുന്നു. കൊളുക്കുമലയിലേക്ക് കയറിയ ഐ.ടി സംഘത്തിലെ മരിച്ചവരും പൊള്ളലേറ്റവരും സഹതാപം അര്‍ഹിക്കുന്നു. ആ സംഘത്തെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ട്രക്കിങ്ങിനാണെങ്കിലും അല്ലെങ്കിലും കാട്ടിലേക്ക് കയറുമ്പോള്‍ അത് കാടിനെ അറിയാനായിരിക്കണം. അങ്ങനെ കയറുന്നവര്‍ക്ക് കാട്ടറിവ് ചെറിയ തോതിലെങ്കിലും ഉണ്ടാകും. അത്തരമൊരു സംഘമല്ല കൊളുക്കുമലയിലേക്ക് കയറിയതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ആഘോഷക്കൂട്ടായ്മയുടെ ഒരു തള്ളലാണ് വനിതാ ദിനത്തില്‍ അവരെ കൊളുക്കുമലയിലേക്ക് നയിച്ചത്.

 

വനിതാ ദിനത്തില്‍ സ്ത്രീകള്‍ നേടേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചും കൊളുക്കുമലയിലെ കാട്ടുതീയില്‍ എരിഞ്ഞടങ്ങിയ ജീവനുകള്‍ ഓര്‍മിപ്പിക്കുന്നു. സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് ഈ ദിനാചരണം എത്തുന്നില്ല. ആ പ്രശ്‌നങ്ങള്‍ക്ക് സാമൂഹികമായി പരിഹാരം കാണുന്നതിന് പകരം സ്ത്രീകള്‍ എന്നും ചൂഷണത്തിന് ഇരയാകണമെന്ന ദുരുദ്ദേശം തന്നെയാണ് ഈ ആഘോഷങ്ങളും ആചരണങ്ങള്‍ക്കും പിന്നുലുള്ളത്. ചതിക്കുഴി മറച്ചു വച്ച് പുരോഗമന ആശയം മുന്നോട്ട് വയ്ക്കുന്ന കെണികളില്‍ നിന്ന് എങ്ങനെ ഓരോ വ്യക്തിക്കും സ്വതന്ത്രമാകാന്‍ കഴിയും എന്ന ചിന്ത അനിവാര്യമായിരിക്കുന്നു.

Tags