Skip to main content

പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ. മെയ് പകുതിയോടെ വിമാന സര്‍വ്വീസ് ഭാഗീകമായി പുനഃരാരംഭിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എയര്‍ ഇന്ത്യ. ആഭ്യന്തര, അന്തരാഷ്ട്ര സര്‍വ്വീസുകള്‍ക്കായി ഗതാഗത സുരക്ഷാ പാസുകള്‍ക്കായി എയര്‍ ഇന്ത്യ ശ്രമങ്ങള്‍ തുടങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്‍.ഐ.എ വാര്‍ത്താ ഏജന്‍സി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ തയ്യാറായി നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. യു.എ.ഇയില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. മെയ് മൂന്ന് വരെയാണ് നിലവില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മെയ് മധ്യത്തോടെ 25% മുതല്‍ 30% വരെ സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ടെന്നും കാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പുവരുത്താനും ഓപ്പറേഷന്‍ സ്റ്റാഫുകള്‍ക്കയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.