Skip to main content

Malayalam Movie, puthiyaniyamamമമ്മൂട്ടി നായകനായ പുതിയ നിയമം എന്ന സിനിമ എല്ലാ അര്‍ഥത്തിലും ഒരു വൃത്തികെട്ട സിനിമയാണ്. ഇത്തരം സിനിമകള്‍ തീയറ്ററുകളിലെത്താതിരിക്കാന്‍ സ്റ്റേറ്റ് ശ്രദ്ധിക്കേണ്ടതാണ്. അതിവിടെ ഉണ്ടായില്ല. പുതിയ നിയത്തിന്റെ അണിയറക്കാര്‍ക്കും സംവിധായകനും മുഖ്യതാരം മമ്മൂട്ടിക്കുമെതിരെ വേണമെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്സെടുക്കാവുന്നതുമാണ്. ഇത്തരം സിനിമകള്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടത്. കാരണം അത്രയ്ക്കും നികൃഷ്ടമായിട്ടാണ് ഈ സിനിമയിലെ ഇതിവൃത്തം. പരസ്യമായിപ്പോലും ഭരണഘടനയെ തള്ളിപ്പറയുന്നു. വക്കീല്‍ പരീക്ഷ പാസ്സായിട്ടുള്ള സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി.

         ദൃശ്യം സിനിമയുടെ വിജയമായിരിക്കാം സംവിധായകന്‍ എ.കെ.സാജനെ ഇത്തരത്തിലൊരു ചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നു തേന്നുന്നു. ദൃശ്യം സിനിമ കോപ്പിയടിച്ചതാണെങ്കിലും അത് മലയാളത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ സിനിമയെന്ന മാധ്യമത്തിന്റെ ഭാഷ നന്നായി പ്രയോഗിച്ചിരുന്നു. ക്രാഫ്റ്റിന്റെ കാര്യത്തില്‍ കുറ്റം പറയാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ പുതിയ നിയമത്തിന്റെ കാര്യത്തില്‍ ക്രാഫ്‌റ്റെന്നു പറയുന്നത് ഏഴയിലത്തുകൂടി പോയിട്ടില്ല. തന്റെ ഭാര്യയെക്കൊണ്ട് മൂന്നു പേരെ ആസൂത്രിതമായി കൊല്ലിക്കുന്ന ഒരു ഭര്‍ത്താവിന്റെ കഥയാണ് അനേകം വഷളന്‍ രംഗങ്ങളിലൂടെ അനാവരണം ചെയ്യുന്നത്. തന്റെ കുടുംബത്തിനു വേണ്ടി നാട്ടിലെ നിയമവും രാജ്യത്തിന്റെ ഭരണഘടനയേയും തള്ളിപ്പറഞ്ഞുകൊണ്ട് തന്റേതായ പുതിയ നിയമം നടപ്പാക്കുന്നു വക്കീലായ നായകന്‍. എന്നാല്‍ വലിയ നൂതനത്തമായി അവതരിപ്പിക്കപ്പെട്ട കഥ തന്മയത്വത്തോടു കൂടി പറയാന്‍ പോലും ഈ സംവിധായകനു പറ്റുന്നില്ല.

        സിനിമയില്‍ കഥ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നു തോന്നുമ്പോഴാണ് അത് കഥ പറച്ചിലാകുന്നത്. എ്ന്നാല്‍ ഈ സിനിമയില്‍ തിരക്കഥാകൃത്ത് ഇഷ്ടപ്പെടുന്നതുപോലെ മൂന്നു പേര്‍ മരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  അതുപോലെ ആണ്‍ ശബ്ദത്തെ പെണ്‍ ശബ്ദമാക്കുന്ന പ്രോഗ്രാമിനെക്കുറിച്ചുപോലും ഒരു സിനിമയുടെ ഭാഷയില്‍ പറയാന്‍ സംവിധായകനു കഴിഞ്ഞില്ല. അതുകാരണം വെള്ളിത്തിരയിലൂടെ നടത്തുന്ന ഒരു പ്ത്രപ്രവസ്താനപോലെയായി വിശേഷിച്ചും സിനിമയുടെ അവസാന ഭാഗം. രണ്ടാം പകുതിയിലെ ഏതാനും രംഗങ്ങല്‍ ഒരാവശ്യവുമില്ലാതെ ആവ്രര്‍ത്തിച്ചത് ഒരു പക്ഷേ സിനിമ ഷൂട്ടു ചെയ്തു കഴിഞ്ഞപ്പോള്‍ നീളക്കുറവ് അനുഭവപ്പെട്ടതു നികത്താന്‍ വേണ്ടി ചെയ്തതുപോലെയായി.

        നാട്ടിലെ നിയമവ്യവസ്ഥയേയും ഭരണഘടനയേയും ഒക്കെ ദൂരെ എറിഞ്ഞുകൊണ്ട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും അതിനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സിനിമകള്‍ ഇപ്പോള്‍ ഒരു തരംഗം പോലെ ആവുന്നുണ്ട്. ഇത് രാജ്യത്തെ ബാധിക്കുന്നതിനേക്കാള്‍ വ്യക്തികളില്‍ കുറ്റവാസനയെ അറിയാതെ കുത്തിവെയ്ക്കുമെന്നുള്ളതില്‍ സംശയമില്ല.