അല്‍-ക്വൈദയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഐ.എസ്.ഐ.എസ് അനുകൂലികള്‍ ഇറാഖിലെ തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചടക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മോസുളും തൊട്ട് പിന്നാലെ ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്‍റെ ജന്മനാടായ തിക്രിത്തും കഴിഞ്ഞ ദിവസങ്ങളില്‍ സുന്നി ഭീകരര്‍ കയ്യടക്കിയിരുന്നു. മോസുളില്‍ നിന്നും 400 കിലോമീറ്റര്‍ മാത്രം അകലെയാണ് ബാഗ്ദാദ്. ഭരണകൂടത്തിന് യു.എസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ബാഗ്ദാദിന് 112 കി.മി അകലെ സമാരയില്‍ വരെ തീവ്രവാദികള്‍ എത്തിച്ചേര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് സേനയുടെ ചെറുത്തു നില്‍പ്പ് ദുര്‍ബലമാണ്. ആക്രമണത്തെ തുടര്‍ന്ന് നാല് ലക്ഷത്തിലേറെ പേര്‍ കുര്‍ദ്ദ് വംശജര്‍ക്ക് സ്വാധീനമുള്ള സ്വയം ഭരണ മേഖലയിലേക്ക് പലായനം ചെയ്തു. ആക്രമണങ്ങളില്‍ സൈനികരടക്കം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. നിനവേ പ്രവിശ്യയിലെ നൂറുകണക്കിനു തടവുകാരെ തീവ്രവാദികള്‍ മോചിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
ഐ.എസ്.ഐ.എസ് അനുകൂലികളെ തുരത്താന്‍ ഇവര്‍ക്കെതിരെ വ്യോമാക്രമണം നടത്തണമെന്ന ഇറാഖിന്റെ ആവശ്യത്തോട് ഒബാമ ഭരണകൂടം അനുകൂലമായി പ്രതികരിച്ചിട്ടില്ല. 2003-ലെ യു.എസ് അധിനിവേശത്തെ തുടര്‍ന്ന് അല്‍ഖ്വയ്ദ അനുകൂലികളായി മാറിയവരാണ് പിന്നീട് ഇസ്ലാമിക് സ്റ്റ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്ന ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

