വാര്‍ഷിക ജി-20 ഉച്ചകോടിക്കായി ലോകത്തിലെ 20 മുന്‍നിര സാമ്പത്തിക ശക്തികളുടെ രാഷ്ട്രത്തലവന്‍മാര്‍ വ്യാഴാഴ്ച റഷ്യയിലെത്തി. സിറിയന്‍ പ്രശ്നത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഉച്ചകോടിയുടെ തുടക്കത്തില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ തന്നെ പ്രതിഫലിച്ചു.
ബ്രിക്സ് രാഷ്ട്രങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ആഗോള തലത്തിലുള്ള നികുതിവെട്ടിപ്പുമാണ് ഉച്ചകോടിയുടെ ഔദ്യോഗിക അജണ്ട. എന്നാല്‍, ആഗസ്ത് 21-ന് സിറിയയില്‍ നടന്ന രാസായുധ ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിന്റെ സേനക്ക് നേരെ യു.എസ് നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്ന ആക്രമണവും ചര്‍ച്ചകളുടെ പ്രധാന വിഷയമായി മാറിയിട്ടുണ്ട്. ആക്രമണം നടത്തിയത് അസാദിന്റെ ഔദ്യോഗിക സേനയാണെന്നാണ് പാശ്ചാത്യ ശക്തികളുടെയും പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാഷ്ട്രങ്ങളുടെയും നിലപാട്. എന്നാല്‍, റഷ്യയുടെ നേതൃത്വത്തില്‍ ഇതിനോടുള്ള എതിര്‍പ്പും ശക്തമാണ്.
സിറിയന്‍ പ്രശ്നം ഉച്ചകോടിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കൊവ് അറിയിച്ചിരുന്നെങ്കിലും അത്താഴവിരുന്നിനിടെ ഉച്ചകോടിയുടെ അധ്യക്ഷനും റഷ്യന്‍ പ്രസിഡന്റുമായ വ്ലാദിമിര്‍ പുടിന്‍ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഓരോ നേതാക്കളും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനിന്നു.
സിറിയന്‍ പ്രശ്നത്തില്‍ ഒരു സമാധാന ഉച്ചകോടി നടത്തുക എന്ന ലക്ഷ്യത്തോടെ സിറിയന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, മാര്‍ച്ച് 19-ന് സിറിയയില്‍ അലെപ്പോക്ക് സമീപം വിമതര്‍ രാസായുധ പ്രയോഗം നടത്തിയതിന്റെ തെളിവുകള്‍ റഷ്യന്‍ വിദേശകാര്യ വകുപ്പ് ബുധനാഴ്ച ഐക്യരാഷ്ട്രസഭക്ക് നല്‍കി. സമാനമായ ആക്രമണം ആഗസ്ത് 22, 24, 25 തിയതികളില്‍ സിറിയന്‍ സേനക്ക് നേരെ ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തുന്ന സ്വകാര്യ വിവരശേഖരണ പദ്ധതികള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് അഭയം നല്‍കിയതിനെ തുടര്‍ന്ന്‍ ഉച്ചകോടിയോട് അനുബന്ധിച്ച് പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ആഗസ്ത് ആദ്യം റദ്ദ് ചെയ്തിരുന്നു. യു.എസുമായി സൈനിക നടപടിയില്‍ സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാസോ ഒലാന്ദുമായി ഒബാമ കൂടിക്കാഴ്ച നടത്തും. എന്നാല്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഒബാമ പ്രത്യേക ചര്‍ച്ച നടത്താന്‍ സാധ്യതയില്ല.
റഷ്യന്‍ നിലപാടിനെ ചൈന പിന്തുണച്ചിട്ടുണ്ട്. സിറിയക്കെതിരെയുള്ള ആക്രമണം എണ്ണവില ഉയര്‍ത്തുമെന്നതിനാല്‍ ലോക സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് ചൈന അഭിപ്രായപ്പെട്ടു. ഉഭയകക്ഷി കൂടിക്കാഴ്ചക്കിടെ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ സമീപകാല നടപടികളില്‍ റഷ്യയും ചൈനയും ആശങ്ക രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.എസ് സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കുന്നത് സാവകാശത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബഹുരാഷ്ട്ര കമ്പനികള്‍ ദേശീയ നികുതി നിയമങ്ങള്‍ വെട്ടിക്കുന്നത് തടയുന്നതിനുള്ള ഒരു കരാറില്‍ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കുമെന്ന് കരുതപ്പെടുന്നു.
