യൂറോപ്പിലെ അഴിമതിയുടെ തോത് അവിശ്വസനീയമെന്ന് യൂറോപ്യന്‍ യൂണിയന്. അഴിമതി സംബന്ധിച്ച് 28 അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സംഘടന നടത്തിയ ആദ്യ പഠനം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. വര്‍ഷം 12,000 കോടി യൂറോയുടെ നഷ്ടമാണ് അഴിമതി മൂലം യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം യൂറോപ്യന്‍ യൂണിയന്റെ വാര്‍ഷിക ബജറ്റിന്റെ അത്രവരും ഇത്.
അഴിമതിയുടെ കാര്യത്തില്‍ ലോകത്ത് മെച്ചപ്പെട്ട പ്രദേശമായി കരുതപ്പെട്ടിരുന്ന യൂറോപ്പിന്റെ ഇരുണ്ട വശങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് റിപ്പോര്‍ട്ട്. യൂറോപ്പിലെ നാലില്‍ മൂന്ന് പേരും അഴിമതി വ്യാപകമാണെന്ന് കരുതുന്നതായും റിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയ സര്‍വേ കണ്ടെത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തങ്ങളുടെ രാജ്യത്ത് അഴിമതി വര്‍ധിച്ചതായി അഭിപ്രായപ്പെട്ടു.
വ്യവസായത്തില്‍ വിജയിക്കണമെങ്കില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ വേണമെന്ന വിശ്വാസം വ്യവസായികള്‍ക്കിടയില്‍ വ്യാപകമാണ്. എന്നാല്‍, ജനങ്ങളില്‍ പത്തില്‍ എട്ടുപേരും വ്യവസായികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം അഴിമതിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നു. അതേസമയം, പകുതിയിലധികം വ്യവസായങ്ങളും അഴിമതിയാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമെന്ന് പറയുന്നു.
അഴിമതിക്കെതിരെ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളുടെ ഫലം ഒരേപോലെയല്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, ഗ്രീസ്, പോര്‍ത്തുഗല്‍, റൊമാനിയ, സ്പെയിന് എന്നീ രാജ്യങ്ങളാണ് അഴിമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, സ്വീഡന് എന്നിവയാണ് താരതമ്യേന സുതാര്യമായ രാഷ്ട്രങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ബ്രിട്ടന് പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.
ജനാധിപത്യത്തില്‍ പൌരര്‍ക്കുള്ള വിശ്വാസത്തിന് ഇടിവേല്പ്പിക്കുന്നതാണ് അഴിമതിയെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ സെസിലിയ മാംസ്ട്രോം റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. രാജ്യങ്ങള്‍ക്ക് ആവശ്യം വേണ്ട നികുതി വരുമാനവും ഇതിലൂടെ നഷ്ടമാകുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
