അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) മേധാവി ക്രിസ്റ്റിന് ലഗാര്‍ദിനെതിരെ അഴിമതി ആരോപണക്കേസില്‍ അന്വേഷണം. ഫ്രാന്‍സില്‍ ധനമന്ത്രിയായിരിക്കെ 2008-ല്‍ ഒരു വ്യവസായിയ്ക്ക് നല്കിയ 40 കോടി യൂറോയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പലതവണ ലഗാര്‍ദിനെ ചോദ്യം ചെയ്തു.
2007-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് സര്‍ക്കോസിയെ അനുകൂലിച്ചിരുന്ന വ്യവസായി ബെര്‍ണാര്‍ഡ് തപിയ്ക്ക് ഒരു വ്യവഹാരത്തിന്റെ ഭാഗമായി നല്കിയ നഷ്ടപരിഹാരമാണ് അന്വേഷണ വിധേയമായിരിക്കുന്നത്. സ്പോര്‍ട്സ് കമ്പനി അഡിഡാസില്‍ ഉണ്ടായിരുന്ന ഓഹരി തപി 1993-ല്‍ വിട്ടിരുന്നു. പിന്നീട്, ഇടപാട് നടത്തിയ ബാങ്ക് ക്രെഡിറ്റ് ലിയോനിസ് ഓഹരിവില കുറച്ച് കാണിച്ച് തട്ടിപ്പ് നടത്തിയതായി തപി പരാതി നല്കി. ഭാഗികമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ക്രെഡിറ്റ് ലിയോനിസ്.
സര്‍ക്കോസി അധികാരമേറ്റപ്പോള്‍ ധനമന്ത്രിയായി ചുമതലയേറ്റ ലഗാര്‍ദ് ഈ പരാതി മൂന്നംഗ തര്‍ക്ക പരിഹാര സമിതിയ്ക്ക് കൈമാറുകയായിരുന്നു. സമിതിയാണ് നഷ്ടപരിഹാരം നല്‍കിയത്. സര്‍ക്കോസിയ്ക്ക് നല്കിയ പിന്തുണയ്ക്ക് പകരമായിരുന്നു തപിയ്ക്ക് ലഭിച്ച അനുകൂല വിധിയെന്ന് അന്വേഷകര്‍ കരുതുന്നു.
2011 ജൂലൈയിലാണ് ലഗാര്‍ദ് ഐ.എം.എഫ് മേധാവിയായി നിയമിക്കപ്പെട്ടത്. കേസില്‍ ലഗാര്‍ദ് വിചാരണ നേരിടേണ്ടി വരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം, 2016 വരെ കാലാവധിയുണ്ടെങ്കിലും ഐ.എം.എഫിന്റെ തലപ്പത്ത് ലഗാര്ദിന്റെ നില പരുങ്ങലില്‍ ആക്കുന്നതാണ് സംഭവവികാസം.

