Skip to main content
മോസ്കോ

vladimir putin

 

യു.എസ് വിദേശനയത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. മറ്റ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ ബഹുമാനിക്കാത്ത യു.എസിന്റെ യുദ്ധക്കൊതി ലോകക്രമത്തെ വികൃതമാക്കിയെന്ന് പുടിന്‍ കുറ്റപ്പെടുത്തി. റഷ്യയ്ക്കെതിരെയുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.  

 

റഷ്യയിലെ പ്രമുഖ ബുദ്ധിജീവി കേന്ദ്രമായ വാല്‍ഡായ് ക്ലബ്ബിന്റെ വാര്‍ഷിക പ്രഭാഷണത്തിലാണ് പുടിന്റെ വിമര്‍ശനം. വഴക്കാളിയെ പോലെ പെരുമാറുന്ന യു.എസ് ലോകസുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന്‍ പുടിന്‍ പറഞ്ഞു. ലോകത്ത് ഇന്ന്‍ നടക്കുന്ന സായുധ സംഘര്‍ഷങ്ങള്‍ പലതും യു.എസ് പ്രകോപനത്താല്‍ ഉണ്ടായതാണെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലും സിറിയയിലും ലിബിയയിലും സ്വയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ യു.എസ് കൂടുതല്‍ വില കൊടുക്കുകയും സര്‍വ്വശക്തിയും പ്രയോഗിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.  

 

കിഴക്കന്‍ യൂറോപ്പില്‍ റഷ്യയുടെ സ്വാധീനം ഇല്ലായ്മ ചെയ്യാനുള്ള യു.എസ് ശ്രമങ്ങള്‍ വിജയിക്കില്ലെന്നും പുടിന്‍ പറഞ്ഞു. റഷ്യാ അനുകൂലിയായിരുന്ന പ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വഴി യുക്രൈനിലെ പ്രതിസന്ധിയ്ക്ക് കാരണമായത് യു.എസ് നയമാണെന്ന് പുടിന്‍ കുറ്റപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിച്ച പുടിന്‍ ലോകരാഷ്ട്രീയത്തില്‍ പ്രത്യേക സ്ഥാനമൊന്നും തങ്ങള്‍ക്ക് വേണ്ടെന്നും അര്‍ഹിക്കുന്ന ആദരവും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കണമെന്നും മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.