Skip to main content
ന്യൂഡല്‍ഹി

 

ലേല പ്രക്രിയ കൂടാതെ 1993-നും 2010-നും ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കല്‍ക്കരിപ്പാട വിതരണം അതാര്യവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി. ഖനന അനുമതികള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടതെങ്ങനെയെന്ന്‍ സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന വാദങ്ങളില്‍ കോടതി തീരുമാനിക്കും.

 

ലേലം കൂടാതെ ഖനന അനുമതി നല്‍കിയത് വഴി ഖജനാവിന് 1.83 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ 2012 മുതല്‍ കല്‍ക്കരിപ്പാട വിതരണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിച്ച് വരികയാണ്. ഇത് സംബന്ധിച്ച് വിവിധ കേസുകള്‍ ഏജന്‍സി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയാണ് കല്‍ക്കരിപ്പാടങ്ങള്‍ വിതരണത്തിനു നല്‍കിയത്. താഴ്ന്ന വിലയ്ക്ക് പാടങ്ങള്‍ കൈമാറുന്നതിന് ഉദ്യോഗസ്ഥരും വ്യവസായികളും ഒത്തുകളിച്ചതായ ആരോപണങ്ങള്‍ ആണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇങ്ങനെ ലഭിച്ച പാടങ്ങളില്‍ പലതിലും ഖനനം നടത്തിയിട്ടില്ല.

 

സി.ബി.ഐ അന്വേഷിക്കുന്ന ആരോപണങ്ങളില്‍ പ്രധാനമായവ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലയളവില്‍ നല്‍കിയ ഖനന അനുമതികളുമായി ബന്ധപ്പെട്ടവയാണ്. 1992-ന് ശേഷമുള്ള 194 അനുമതികള്‍ ആണ് സി.ബി.ഐ ആകെ പരിശോധിച്ചത്. ഇതില്‍ 39 എണ്ണമാണ് 2004-ല്‍ യു.പി.എ സര്‍ക്കാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് വിതരണം ചെയ്തത്.  

Tags