നോവലിനെതിരെയുള്ള എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന് പെരുമാള്‍ മുരുഗന് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ വിധി. നാമക്കല്‍ ജില്ലാ ഭരണകൂടം മുരുഗനെതിരെ സ്വീകരിച്ച നടപടികള്‍ തള്ളിയ കോടതി അദ്ദേഹത്തിനെതിരെയുള്ള കേസ് റദ്ദാക്കി. വിവാദമായ മാതോരുഭാഗന്‍ എന്ന നോവലിലെ ഭാഗങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശവും കോടതി തള്ളിയ നടപടികളില്‍ പെടും.
തമിഴ്നാട് പുരോഗമന സാഹിത്യ-കലാ പ്രവര്‍ത്തക സംഘമാണ് മുരുഗനെതിരെ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. മുരുഗന് നിരുപാധികം മാപ്പപേക്ഷ നടത്തുകയും നോവലിലെ വിവാദഭാഗങ്ങള്‍ പിന്‍വലിക്കാനും വിപണിയില്‍ ബാക്കിയുള്ള പുസ്തകങ്ങള്‍ തിരിച്ചെടുക്കാനും ആയിരുന്നു ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.
അതേസമയം, മുരുഗനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു തിരുച്ചെങ്കോട്ടിലെ ഒരു വിഭാഗം പേര് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുച്ചെങ്കോട്ടിലെ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ നിലനിന്നിരുന്ന ഒരു ആചാരം പ്രമേയമായി വരുന്ന നോവല്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന വാദമാണ് മുരുഗനെതിരെ ഇവര്‍ ഉന്നയിച്ചത്. കുട്ടികളില്ലാത്ത സ്ത്രീകള്‍ ഉത്സവദിവസം അന്യപുരുഷരുമായി ശയിക്കുന്ന ആചാരമായിരുന്നു പ്രമേയം.
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച കോടതി ഇത് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്കി.
