ഒരു കെട്ടിടത്തില്‍ നാം നില്‍ക്കുമ്പോള്‍, അതല്ലെങ്കില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, എന്തിന് ഒരു സൈക്കിളില്‍ സവാരി ചെയ്യുമ്പോള്‍ നമുക്ക് വലിയ അതിശയമൊന്നും തോന്നാറില്ല. അതുപോലെ ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍. എന്നാല്‍ ശരാശരി ബുദ്ധിയില്‍ കവിഞ്ഞ മനുഷ്യരുടെ ബുദ്ധിപരമായ സംഭാവനയാണ് ഇന്ന് നാം അനുഭവിക്കുന്ന ഓരോ സൗകര്യങ്ങളും . അതുപോലെ മറ്റ് രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി ഈ രാജ്യം ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നതും ശരാശരിയേക്കാള്‍ ഉയര്‍ന്ന മനുഷ്യര്‍ മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെ ചിന്തിച്ചതിന്റെ ഫലമാണ്. എന്നാല്‍ പുതിയ തലമുറ സിനിമാ സംവിധായകരുടെയിടയില്‍ ഇപ്പോള്‍ കാണുന്ന പ്രവണത സമൂഹത്തിലെ ദൈനം ദിന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ പ്രതിപാദിക്കുന്നു എ്ന്നതാണ്. അവ കൈകാര്യം ചെയ്യുന്നതാകട്ടെ ശരാശരിയില്‍ താഴ്ന്ന മനുഷ്യന്റെ കാഴ്ചപ്പാടിന് ശരിയെന്നു തോന്നുന്ന രീതിയിലും.
ഒരു സിനിമ എടുക്കുന്നതിന് ഏതു സംവിധായകനും അദ്ദേഹത്തിന്റെ സംഘത്തിനും അവകാശമുണ്ട്. എന്നാല്‍ അത് പുതിയ നിയമങ്ങളായി അവതിരിപ്പിക്കുമ്പോഴാണ് പ്രശ്‌നം ഗുരുതരമാകുന്നത്. ആക്ഷന്‍ ഹീറോ ബിജു വര്‍ത്തമാന ചലച്ചിത്ര കമ്പോളത്തില്‍ തമ്മില്‍ ഭേദം സിനിമ തന്നെയാണ്. സംശയമില്ല. കണ്ടുകൊണ്ടിരിക്കാം. അത്യാവശ്യം ചിരിക്കാനുള്ള വകയുണ്ട്. പിന്നെ സ്വാഭാവികത്വമുണ്ട്. ഇതൊക്കെ ടിക്കറ്റിന് മുടക്കുന്ന കാശ് മുതലായി എന്ന തോന്നല്‍ കാണികള്‍ക്ക് തരാന്‍ എബ്രിഡ് ഷൈന്‍ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഒരു സബ് ഇന്‍സ്‌പെക്ടര്‍ കൊച്ചിയിലെ ടൗണ്‍ സബ് ഇന്‍സ്‌പെക്ടറായി വിവിധ കേസുകള്‍ കൈകാര്യം ചെയ്യുന്നതു മാത്രമാണ് സിനിമ. പ്രത്യേകിച്ച് കഥയൊന്നുമില്ല. കഥ ഒരു സിനിമയ്ക്ക തീര്‍ന്നേ മതിയാവു എന്നൊന്നുമില്ല. ആ നിലയക്ക് ആ സംരഭം ശ്ലാഘനീയം തന്നെ. അത് നന്നായി എടുത്തിട്ടുമുണ്ട്. എന്നാല്‍ മിടുക്കനും നീതിമാനുമായ ഒരു പോലീസ് ഓഫീസറെയാണ് നിവിന്‍ പോളിയിലൂടെ ഇതില്‍ അവതരിപ്പിക്കുന്നത്. സാധാരണക്കാരന്റെ കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോലീസ് സ്‌റ്റേഷനാണ് എന്ന കാഴ്ച്ചപ്പാടാണ് ഈ സിനിമയില്‍ അവതരിപ്പിക്കന്നത്. പാവപ്പെട്ടവന്റെയും ദുര്‍ബലരുടെയും പക്ഷത്തു നില്‍ക്കുന്ന എസ് ഐ. മയക്കുമരുന്നിന് അടിമകളാകുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കെതിരെ കേസ്സെടുക്കാതെ അവരുടെ അമ്മമാരെ വിളിച്ച് ഏല്‍പ്പിക്കുന്ന മനുഷ്യ സ്‌നേഹി. പലപ്പോഴും മനുഷ്യസ്‌നേഹവും പൈങ്കിളി മാനസികാവസ്ഥയും തമ്മില്‍ ഈ സംവിധായകന് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. ആ കഴിവില്ലായ്മയാണ ഒരു മാതൃകാ എസ് ഐയെ ഇവ്വിധത്തില്‍ സംവിധായകന്‍ അവതരിപ്പിക്കാന്‍ കാരണമായത്. വീണ്ടും പറയട്ടെ ഈ സിനിമ കണ്ടുകൊണ്ടിരിക്കാന്‍ പറ്റുന്ന ഒന്നു തന്നെയാണ്.പുതിയ തലമുറ മാതൃകയായി ചില ആശയങ്ങളും തത്വങ്ങളും വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴുള്ള അപകടം ചൂണ്ടിക്കാണിക്കുന്നുവെന്നേ ഉള്ളു. ശരാശരിയില്‍ നിന്ന് ഉയര്‍ന്ന ചിന്തകളിലൂടെ ലഭ്യമായ നല്ല അംശങ്ങള്‍ ഇന്നത്തെ ജീര്‍ണ്ണിച്ച അവസ്ഥയിലും പൂര്‍ണ്ണമായി നശിക്കാതെ അവശേഷിക്കുന്നതുകൊണ്ടാണ് ഇന്നും നാം ഇത്രയും സ്വാതന്ത്ര്യവും നീതിയുമൊക്കെ അനുഭവിച്ചു കഴിയുന്നത്.അതുകൊണ്ട് ശരാശരിക്കാര്‍ക്കു തോന്നുന്ന മാനദണ്ഡങ്ങളാണ് സാമൂഹ്യ വിഷയങ്ങളില്‍ വേണ്ടതെന്നുള്ള വിചാരം നിലവിലുളള ജീര്‍ണ്ണതകളെ അതിവേഗം കൂടുതല്‍ ജീര്‍ണ്ണതകളിലേക്കു നയിക്കും.
മാതൃകാ പോലീസിനെ നിവിന്‍ പോളിയിലൂടെ അവതരിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചിത്രത്തിന്റെ പരസ്യത്തിനാണെങ്കിലും ചിത്രം കാണാത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെക്കൊണ്ട് നിവിന്‍ പോളിയെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ ഓഫീസിലെത്തി അനുമോദനം ഏറ്റുവാങ്ങിയത്. അതിത്തിരി കടന്ന കൈയ്യായിപ്പോയി. ചുരുങ്ങിയ പക്ഷം ചെന്നത്തലയെ സിനിമ കാണിക്കാനുള്ള ആര്‍ജ്ജവമെങ്കിലും കാട്ടണമായിരുന്നു. സിനിമ കാണാതെ അനുമോദിക്കാന്‍ തയ്യാറായ ആഭ്യന്തര മന്ത്രി ശരാശരിക്കാരെ അത്ഭുതപ്പെടുത്തുന്നയാളു തന്നെ. സംശയമില്ല. ജനമൈത്രി പോലീസ് ഏതു വിധമാണ് പ്രവര്‍ത്തിക്കേണ്ടതെന്നതിനുള്ള മാതൃകയല്ല ആക്ഷന്‍ ഹീറോ ബിജു. കൂടെയുള്ള പോലീസുകാരെപ്പോലും ആ മാതൃകാ എസ് ഐ കണക്കിലെടുക്കുന്നില്ല. തനിക്കുള്ള ആക്ഷന് സഹായം ചെയ്യാനുള്ള ആള്‍ക്കാരായി മാത്രമേ കാണുന്നുള്ളു. മറ്റ് ചിലപ്പോള്‍ ഒരു ക്രമിനലിന്റെ മാനസികാവസ്ഥയില്‍ ഈ ആക്ഷന്‍ ഹീറോ പെരുമാറുകയും ചെയ്യുന്നു.
താന്‍ കൊളളരുതാത്തവരെന്നു താന്‍ കരുതുന്നവരെ ജീവിതത്തില്‍ പിന്നീട് ഒരു പണിയും എടുത്ത് ജീവിതം കഴിക്കാന്‍ നിവൃത്തിയില്ലാത്ത വിധം തേങ്ങ തോര്‍ത്തില്‍ കെട്ടി മുതുകത്ത് ഇടിക്കുന്നത് വിദ്യാഭ്യാസത്തിന്റെ സാംസ്‌കാരികാംശം ആ യുവാവിലേക്ക് കയറിയിട്ടില്ലെന്നും ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ി ഒരുപാടു വൈകല്യങ്ങള്‍ കാണാന്‍ കഴിയും. അത്രയ്‌ക്കൊരു വിശകലനം ഈ സിനിമ അര്‍ഹിക്കുന്നതുമില്ല.
പുതിയ നിയമം പോലുള്ള സിനിമകള്‍ക്കിടയില്‍ ആക്ഷന്‍ ഹീറോ എന്തുകൊണ്ടും ആശ്വാസം തന്നെ. സംശയമില്ല.
