
പ്രേക്ഷകര്‍ എല്ലാവരും ഒരേപോലെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രത്തെ പറ്റി പ്രേക്ഷകന് യാതൊരുവിധ തുമ്പും കൊടുക്കാത്ത രീതിയിലാണ് ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിരുന്നു. ചിത്രം സത്യത്തില്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ ഒരു വ്യക്തതയും തരാത്ത രീതിയാലാണ് ഗാനവും പുറത്തിറങ്ങിയിരുന്നത്. ട്രയിലറിലെയും പാട്ടിലെയും ഈ രഹസ്യ സ്വഭാവം പ്രേക്ഷകരിലെ ആകാംക്ഷയെ വീണ്ടും കൂട്ടുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആയിട്ടാണ് ഫഹദ് അഭിനയിയ്ക്കുന്നത്. ട്രയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനവും ട്രയിലര്‍ നേടിക്കഴിഞ്ഞു.
വിവാഹശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഗൗതം വാസുദേവ് മേനോന്, വിനായകന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, അര്ജുന് അശോകന്, ധര്മജന്, ദിലീഷ് പോത്തന്, ശ്രിന്ദ, ചെമ്പന്‍ വിനോദ്, വിനീത് വിശ്വന്, അശ്വതി മേനോന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ് വിജയന് സംഗീതം ഒരുക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഫെബ്രുവരി 20ന് ചിത്രം തീയേറ്ററുകളിലെത്തും.
ട്രാന്‍സ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെയാണ് എന്നാണ് ഫഹദ് പറയുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
