
ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസായ ശകുന്തളാദേവി സംഗീതത്തില്‍ ഗണിതശാസ്ത്രമെന്ന പോലെ ഗണിതശാസ്ത്രത്തിലെ സംഗീതാനുഭവമായി മാറി. ഒരു മുഴുനീള ആസ്വാദ്യചിത്രം. ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞയായ ശകുന്തളാദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയ ഈ ചിത്രത്തില്‍ ശകുന്തളാ ദേവിയെ വിദ്യാബാലന്‍ തന്റെ അസാമാന്യ അഭിനയമികവുകൊണ്ട് അനശ്വരമാക്കി. ഇത്ര മനോഹരമായ ഒരു ബയോപിക് സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ചിട്ടില്ലെന്നു തന്നെ പറയാം. അനു മേനോനാണ് ശകുന്തളാദേവിയുടെ സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.
ശകുന്തളാദേവിയിലൂടെ മനുഷ്യസാധ്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തെയും അതേ സമയം അവളിലെ അമ്മയേയും മകളെയും പുറത്തെടുക്കുകയും ജീവിതത്തെ ആഘോഷപൂര്‍വ്വം ആലിംഗനം ചെയ്യുന്നതിന്റെയും മാധുര്യം ഈ ചിത്രം വെളിപ്പെടുത്തുന്നു. കര്‍ണ്ണാടകത്തിലെ ഇടത്തരം കുടുംബത്തില്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടോടെ ബാല്യം കഴിച്ചു വന്ന ശകുന്തളാദേവിയില്‍ ഗണിതശാസ്ത്ര വൈഭവം പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ആ കുഞ്ഞുബാലികയെ കണക്ക് മേളകളിലൂടെ അവതരിപ്പിച്ച് ശകുന്തളാദേവിയിലൂടെ വരുമാനം നേടാന്‍ തുടങ്ങുന്നു.സ്‌കൂളില്‍പോക്ക് അവസാനിപ്പിച്ചുകൊണ്ട്. അപ്പോഴാണ് രോഗഗ്രസ്ഥയായ അവളുടെ സഹോദരി ചികിത്സ കിട്ടാതെ മരിക്കുന്നത്. താന്‍ വരുമാനം കൊണ്ടുവന്നിട്ടും സഹോദരിയെ ചികിത്സിക്കാന്‍ കൊണ്ടുപോകാഞ്ഞതില്‍ ക്ഷുഭിതയായ ശകുന്തളാദേവിക്ക് അച്ഛനോടും അമ്മയോടും പകയും ദേഷ്യവുമുണ്ടാകുന്നു. ആരെയും ഒന്നിനെയും പേടിയില്ല എന്നതായിരുന്നു ശകുന്തളയുടെ സ്വഭാവം. കൗമാരം കഴിഞ്ഞതോടെ ശകുന്തള സ്വന്തം നിലയ്ക്ക് ലണ്ടനിലെത്തുന്നു. പിന്നീടങ്ങോട്ട് ശകുന്തളാദേവിയുടെ ജൈത്രയാത്ര തുടങ്ങുകയായി.
ലോകം മുഴുവന്‍ ഗണിതശാസ്ത്രമേളകളുമായി സഞ്ചരിച്ച് ശകുന്തളാദേവി ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചു. കമ്പ്യൂട്ടറുകളെ പോലും തോല്‍പ്പിച്ചുകൊണ്ടുള്ള ടി വി ഷോകള്‍ ഉള്‍പ്പടെ. ബന്ധങ്ങളില്‍ അവള്‍ക്ക് ആള്‍ക്കാരെ ആവശ്യമില്ലായിരുന്നു. മറിച്ച് സ്‌നേഹം മാത്രമായിരുന്നു. ഒരു കൊടുങ്കാറ്റു പോലെ ഗണിതശാസ്ത്ര പ്രതിഭയില്‍ ലോകം മുഴുവന്‍ ചുറ്റുന്ന തന്റെ ഭാര്യയെ സ്വതന്ത്രയാക്കിക്കൊണ്ട് ഭര്‍ത്താവ് മാറി നില്‍ക്കുന്നു. പിന്നീടുള്ള അവളുടെ ജീവിതം മകളുമായി ലോകം മുഴുവന്‍ കറങ്ങിക്കൊണ്ടുള്ളതായി. പരമ്പരാഗത സ്‌കൂളുകള്‍ കുട്ടികളുടെ സര്‍ഗ്ഗശേഷിയെ ഇല്ലായ്മ ചെയ്യുമെന്ന് ശകുന്തളാ ദേവി തിരിച്ചറിഞ്ഞു. പക്ഷേ മകളുടെ വളര്‍ച്ചയില്‍ അവള്‍ക്ക് അവളുടെ അച്ഛനെ നഷ്ടമായി. അവള്‍ക്ക് വേണ്ടത് അമ്മയെയായിരുന്നു. ഗണിതശാസ്ത്ര പ്രതിഭയെയായിരുന്നില്ല. അവിടം മുതല്‍ തുടങ്ങുന്ന വൈകാരികതകളിലൂടെയാണ് ഈ സിനിമ വൈകാരികാംശങ്ങള്‍ വികസിക്കുന്നത്. സാനിയാ മല്‍ഹോത്രയാണ് മകളുടെ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
ഈ സിനിമയില്‍ നായകനില്ല. നായിക മാത്രമേ ഉളളു എന്നു പറയാം. ശകുന്തളാ ദേവിയായി മാറിയ വിദ്യാബാലന്‍ അസാമാന്യമായ വിധമാണ് തന്റെ കഴിവ് ആ കഥാപാത്രത്തിലേക്കു പകര്‍ന്നിരിക്കുന്നത്. പല സന്ദര്‍ഭങ്ങളിലും ആ കഥാപാത്രത്തിന്റെ പ്രതിഭാസ്ഫുരണ നിമിഷങ്ങളില്‍ വിദ്യാബാലന്‍ മാധവിക്കുട്ടിയെ അനുസ്മരിക്കുന്ന അനുഭവവുമുണ്ടായി. സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്‌സ് പ്രൊഡക്ഷന്‍സും എബന്‍ഡന്‍ഷ്യ എന്റര്‍ടെന്റ്‌മെന്റും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
