
നടന് ഷെയ്ന് നിഗത്തിന്റെ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. വെയില് സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജിനോട് ക്ഷമ ചോദിച്ച് ഷെയ്ന് കത്ത് അയച്ചതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട് മാറ്റിയത്. എന്നാല്‍ ഖുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ കൂടി വ്യക്തത വരുത്തിയാലെ വിലക്ക് നീക്കുന്ന കാര്യത്തില്‍ തീരുമാനമാകു എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതെ ഇരിക്കുകയും വെയില്, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്നിന് വിലക്കേര്‍പ്പെടുത്തിയത്.
ഇതിനിടെ നടത്തിയ ഒത്തുത്തീര്‍പ്പ് ചര്‍ച്ചയില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ വിലക്ക് നീക്കാമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന് അറിയിച്ചത്. എന്നാല്‍ ഡബ്ബിംഗ് പൂര്‍ത്തിയായതിന് ശേഷവും പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന് ഷെയ്നിന്റെ വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല.
