
ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഹായുടെ ടീസര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. വടംവലിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ദ വാര് വിത്തിന് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ആയിരത്തിലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ അണിനിരത്തിയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വടംവലിയും അതിന്റെ പിന്നാമ്പുറ കാഴ്ചകളും ഓരോ കഥാപാത്രത്തിന്റെ ആന്തരികസംഘര്ഷങ്ങളും ടീസറില്‍ നമുക്ക് കാണാം. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വന്‍ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രേം എബ്രഹാം നിര്‍മ്മിക്കുന്ന ആഹായുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത് ആണ്. രാഹുല്‍ ബാലചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തില്‍ അമിത് ചക്കാലയ്ക്കല്‍, ശാന്തി ബാലചന്ദ്രന്, അശ്വിന് കുമാര്‍, മനോജ് കെ. ജയന്, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ് കെ. ജയന് വളരെ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമാവുന്നത്.
സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ പി തങ്കച്ചന് എന്നിവരുടെ വരികള്‍ക്ക് സയനോര തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഏപ്രില്‍ മാസം ചിത്രം തീയേറ്ററുകളിലെത്തും.
