Skip to main content

ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തുകൊണ്ട് ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി. 

ബഹുമാന്യനായ അമിത് ഷാ സര്‍, ഞാന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ കാമുകി റിയാ ചക്രബര്‍ത്തി. അദ്ദേഹത്തിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. എനിക്ക് സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. നീതി നടപ്പിലാക്കണമെന്ന ആഗ്രഹത്താല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ച സമ്മര്‍ദം എന്താണെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് റിയയുടെ ട്വീറ്റില്‍ പറയുന്നു.

റിയയുടെ ഈ ആവശ്യത്തില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും നാടകമാണെന്നും സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും ആരോപണമുയരുന്നു. 

സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് റിയയ്‌ക്കെതിരെ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഉടന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ ബലാല്‍സംഘം ചെയ്ത് കൊന്ന് കളയും എന്നായിരുന്നു സന്ദേശം. ഈ സന്ദേശമയച്ച വ്യക്തിക്കെതിരെ സൈബര്‍ ക്രൈം പോലീസിന്റെ സഹായം റിയ തേടിയിരുന്നു.