
വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം 100 താരങ്ങളാണ് ടൈറ്റില്‍ അനൗണ്സ്മെന്റില് പങ്കാളികളായത്. ഒറ്റക്കൊമ്പന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നേരത്തെ വിവാദത്തിലായ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന ചിത്രത്തിന്റെ അതേ അണിയറ പ്രവര്‍ത്തകരാണ് പുറത്തിറക്കുക. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന ചിത്രത്തിന്റെ അതേ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുക. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം ചിത്രം നിര്‍മ്മിക്കും. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. ഹര്ഷവര്ധന് രാമേശ്വര്‍ സംഗീത സംവിധാനം.
2019ല്‍ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച കടുവ എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ നായക കഥാപാത്രത്തിന്റെ പേരുമായി സുരേഷ് ഗോപിയുടെ 250ാം ചിത്രമെത്തിയതാണ് വിവാദത്തിന് തുടക്കം.
