Skip to main content
ന്യൂഡല്‍ഹി

prakash karatവരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരെ യോജിച്ച് നില്‍ക്കുമെന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 11 പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. യോഗം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്‍ അറിയിച്ച സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിയെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

 

നാല് ഇടതുപാര്‍ട്ടികളും മറ്റ് ഏഴു പ്രാദേശിക പാര്‍ട്ടികളും അടങ്ങുന്നതാണ് മുന്നണി. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ ദേവ ഗൌഡ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജനതാദള്‍ (യു) നേതാവ് ശരദ് യാദവ്, മുന്‍ യു.പി മുഖ്യമന്ത്രിയും സമാജവാദി പാര്‍ട്ടി നേതാവുമായ മുലായം സിങ്ങ് യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും ബിജു ജനതാദളും അസം ഗണ പരിഷത്തും മുന്നണിയുടെ ഭാഗമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കാരാട്ട് അറിയിച്ചു.

 

തങ്ങള്‍ മൂന്നാം മുന്നണിയല്ല, ഒന്നാം മുന്നണിയാണെന്ന് ശരദ് യാദവ് പ്രതികരിച്ചു. നയങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇരട്ടകളെ പോലെയാണെന്നും ഇവര്‍ക്കുള്ള ബദല്‍ ആണ് തങ്ങളെന്നും കാരാട്ട് അവകാശപ്പെട്ടു. മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ ചേര്‍ന്നേക്കുമെന്ന് മുലായം സിങ്ങ് സൂചന നല്‍കി. നരേന്ദ്ര മോഡിയല്ലാതെ മറ്റാരെങ്കിലും എന്‍.ഡി.എയില്‍ നിന്ന്‍ പ്രധാനമന്ത്രി ആയാലും തങ്ങള്‍ ബി.ജെ.പി മുന്നണിയിലേക്ക് മടങ്ങില്ലെന്ന് ജെ.ഡി (യു0 നേതാവു കൂടിയായ നിതീഷ് കുമാര്‍ വ്യക്തമാക്കി.

 

മുന്നണി രൂപീകരണത്തിന്റെ ഭാഗമായി 11 പാര്‍ട്ടികളും ചേര്‍ന്ന്‍ ഫെബ്രുവരി അഞ്ചിന് തുടങ്ങിയ ഈ ലോകസഭയുടെ അവസാന സെഷനില്‍ യു.പി.എ-ഇതര, എന്‍.ഡി.എ-ഇതര ബ്ലോക്കായി ഇരുന്നിരുന്നു.