തുര്‍ക്കിയില്‍ ട്വിറ്റര്‍ പ്രവര്‍ത്തനം നിലച്ചു. ട്വിറ്ററിനെ രാജ്യത്തുനിന്നും തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി റെസീപ് തായിപ് എദ്രുവാന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം നിലച്ചത്. എദ്രുവാനെതിരായ അഴിമതി ആരോപണങ്ങള്‍ ട്വിറ്ററില്‍ സജീവമായതോടെയായായിരുന്നു ഭീഷണി.
ചില വിവാദ ലിങ്കുകള്‍ നീക്കണമെന്ന തുര്‍ക്കി കോടതിയുടെ ഉത്തരവ് പാലിക്കാന്‍ തയ്യാറാകാത്തതിനാല്‍ ട്വിറ്ററിലേക്കുള്ള പ്രവേശനം സാങ്കേതികമായി തടഞ്ഞിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യുസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോടതി ഉത്തരവ് പ്രകാരം ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്ന തുര്‍ക്കി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ സന്ദേശമാണ് ട്വിറ്ററില്‍ കയറാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി തുര്‍ക്കിയില്‍ അധികാരത്തില്‍ തുടരുന്ന എദ്രുവാനും അദ്ദേഹത്തിന്റെ മകനുമായി അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന സ്വകാര്യ സംഭാഷണം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു കോടി ട്വിറ്റര്‍ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. പ്രാദേശിക തെരഞ്ഞെടുപ്പ് മാര്‍ച്ച് 30-ന് നടക്കാനിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2010-ല്‍ രണ്ട് വര്‍ഷത്തേക്ക് യൂട്യൂബിനും തുര്‍ക്കിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
