മോഡിക്കെതിരെ വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പാണെന്നും മസൂദ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഉത്തര്‍ പ്രദേശിലെ സഹര്നാപൂര് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇമ്രാന് മസൂദ്. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സഹര്നാപൂര് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്താനിരുന്ന റാലി മാറ്റിവച്ചിരുന്നു.
മോഡിയെ വെട്ടിനുറുക്കുമെന്ന തരത്തില്‍ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മസൂദിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ ഇമ്രാന് മസൂദിനെതിരെ കേസെടുത്തിരുന്നു. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, സ്പര്‍ദ്ധ വളര്‍ത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അദ്ധേഹത്തെ അറസ്റ്റു ചെയ്തത്.
