മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ബിഹാറില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നായ ജാമുയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് കുഴിബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു.
ബിഹാറില്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ മാവോയസ്റ്റുകള്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ജാമുയ്, ഓറംഗാബാദ്, സാസാരം, ഗയ, നവാഡ, കരാകട് എന്നീ ആറ് മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിലെ മാവോയിസ്റ്റ് മേഖലയിലെ മണ്ഡലങ്ങളാണിത്. നേരത്തെ ഈ ജില്ലകളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തനനുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാവോയിസ്റ്റു മേഖലയില്‍ നിന്ന് സുരക്ഷാസേനയെ പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
ബീഹാറിലെ ഔറംഗാബാദില്‍ തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയയില്‍ കണ്ടെടുത്ത കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം നടത്തിയ തിരച്ചിലില്‍ വ്യപകമായി കുഴിബോബംബുകള് കണ്ടെത്തിയിരുന്നു. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ നക്സല്‍ ബാധിത പ്രദേശങ്ങളില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

