Skip to main content
ബാഗ്ദാദ്

ഇറാഖിലെ സുന്നി-ഷിയാ സംഘര്‍ഷം അന്താരാഷ്‌ട്ര മാനങ്ങള്‍ കൈവരിക്കുന്നു. വടക്കന്‍ മേഖലയില്‍ നിയന്ത്രണമുറപ്പിച്ച സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസിന് നേരെ സിറിയ വ്യോമാക്രമണം നടത്തി. ഇറാഖിലെ ഷിയാ ഭൂരിപക്ഷ സര്‍ക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രി നൌറി അല്‍-മാലിക്കി ഐ.എസ്.ഐ.എസിന് നേരെയുള്ള ഏത് ആക്രമണത്തേയും സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ചു. ഇറാഖില്‍ സുന്നി-ഷിയാ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള യു.എസ് നിര്‍ദ്ദേശവും മാലിക്കി തള്ളി.  

 

syria iraq mapഇറാഖിലെ സുന്നി തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള അന്‍ബര്‍ പ്രവിശ്യയിലാണ് സിറിയ വ്യോമാക്രമണം നടത്തിയത്. ഇറാഖില്‍ നിന്ന്‍ സിറിയയിലേക്കുള്ള അതിര്‍ത്തി കവാടം ഐ.എസ്.ഐ.എസ് പിടിച്ചതായും സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ കടത്തുന്നതായുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സിറിയയുടെ നടപടി. ഷിയാ വിഭാഗത്തില്‍ പെടുന്ന അസ്സാദിനെതിരെ സിറിയയിലും സായുധ ആക്രമണം നടത്തുന്ന സംഘടനയാണ് ഐ.എസ്.ഐ.എസ്.

 

അല്‍-ക്വൈദ ആഭിമുഖ്യമുള്ള ഐ.എസ്.ഐ.എസ് ഇറാഖിലും സിറിയന്‍ ഭൂവിഭാഗങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന ലെവാന്റ് (അറബിയില്‍ അല്‍-ഷാം) എന്നറിയപ്പെടുന്ന പ്രദേശത്തും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ അല്‍-ഷാം, ഇസ്ലാമിക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ സിറിയ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ ദ ലെവാന്റ് (ഐ.എസ്.ഇ.എല്‍) എന്നീ വിവിധ പേരുകളില്‍ സംഘടന അറിയപ്പെടുന്നു.

 

ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടതായി യു.എസ് ടെലിവിഷന്‍ ചാനല്‍ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ അപലപിച്ച യു.എസ് ഇറാഖിലെ പ്രശ്നപരിഹാരത്തില്‍ സിറിയയിലെ ‘കൊലപാതക’ അസാദ് ഭരണകൂടത്തെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു.

 

ഇറാഖില്‍ ഒട്ടേറെ നഗരങ്ങളും അതിര്‍ത്തി കവാടങ്ങളും എണ്ണപ്പാടങ്ങളും പിടിച്ചെടുത്ത് മുന്നേറുന്ന ഐ.എസ്.ഐ.എസിനെ നേരിടാന്‍ യു.എസ് സഹായം ഇറാഖ് അഭ്യര്‍ത്ഥിച്ചിരുന്നു. 300 യു.എസ് സൈനിക ഉപദേഷ്ടാക്കളെ അയച്ച യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ എന്നാല്‍, യുദ്ധത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് വ്യക്തമാക്കി. മാലിക്കിയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരം സാധ്യമാകില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ച യു.എസ് ന്യൂനപക്ഷ സുന്നി, കുര്‍ദ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിരുന്നു.    

Tags