Skip to main content

salman khan

 

കൃഷ്ണമൃഗത്തെയും മാനിനേയും വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ താരത്തിന്‍ മേല്‍ കുറ്റം ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി.

 

1998-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജസ്ഥാനില്‍ ഹം സാത്ത് സാത്ത് ഹെ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സല്‍മാനും മറ്റ് താരങ്ങളും വംശനാശം നേരിടുന്ന മൃഗങ്ങളെ വേട്ടയാടി കൊന്നു എന്നാണ് ആരോപണം. സെയ്ഫ് അലി ഖാന്‍, തബു സോണാലി ബെന്ദ്രെ നീലം എന്നീ സഹതാരങ്ങള്‍ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്.

 

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‍ സല്‍മാനില്‍ നിന്ന്‍ പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കേസില്‍ 1998-ലും 2007-ലും സല്‍മാന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.  

 

കേസില്‍ ആയുധനിയമം ചുമത്താനാകില്ലെന്ന്‍ രാജസ്ഥാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയും വിധിച്ചതിനെ തുടര്‍ന്ന്‍ കഴിഞ്ഞ വര്‍ഷം വിചാരണക്കോടതിയില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സല്‍മാന് ചിത്രീകരണത്തിനായി വിദേശയാത്ര സാധ്യമാകുന്നതിന് വേണ്ടിയാണ് കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി കുറ്റം ചുമത്തിയത് റദ്ദാക്കിയത്. കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഇപ്പോള്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

 

2002-ല്‍ അമിതവേഗത്തില്‍ വാഹനമോടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയ കേസിലും സല്‍മാന്‍ വിചാരണ നേരിടുന്നുണ്ട്.