മഴക്കെടുതി ബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ കൂടുതല്‍ വിഹിതം സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. കെടുതിയില്‍ മരണമടഞ്ഞവരുടെ സംസ്‌കാരച്ചെലവുകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കാനും തീരുമാനിച്ചു. കാലവര്‍ഷക്കെടുതികള്‍ അവലോകനം ചെയ്യാന്‍ വിവിധ ജില്ലാ കളക്ടര്‍മാരുമായി തിരുവനന്തപുരത്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണിത്.
സംസ്ഥാനത്ത് ഈ മഴക്കാലത്ത് 36 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരത്തേ പ്രഖ്യാപിച്ച തുകയ്ക്ക് പുറമേയാണ് ഇപ്പോഴത്തെ സഹായം.
സംസ്ഥാനത്ത് ഇതിനകം ആരംഭിച്ച 72 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗജന്യ റേഷനും അത്യാവശ്യച്ചെലവിന് രണ്ടായിരം രൂപയും നല്‍കും. ആദിവാസി കുടുംബങ്ങള്‍, തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് രണ്ടാഴ്ചത്തെ റേഷന്‍ ഒരുമിച്ച് നല്‍കും
മഴക്കെടുതിയില്‍ പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്കും സുരക്ഷിതമല്ല എന്ന് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ റിപ്പോര്‍ട്ടുനല്‍കുന്ന വീടുകള്‍ക്കും ഒരുലക്ഷം രൂപ വീതം നല്‍കും. ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് പരമാവധി മുപ്പത്തയ്യായിരം രൂപ അനുവദിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ മരണമടഞ്ഞാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തുക ചെലവഴിക്കാനും മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.
