കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തിയ മുഴുവന്‍ തീവ്രവാദികളെയും വധിച്ചുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി എസ്പി വെയ്ദ് തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ ജൂലൈ പത്തിനാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമത്തില്‍ ഏഴു തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്ക്കര്‍ ഇ തൊയ്ബ ഭീകരന് അബു ഇസ്മയിലിനെ സൈന്യം കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു.