സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന ആരോപണം നേരിടുന്ന യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)ക്കെതിരെ കോടതിയില്‍ ഹര്‍ജി. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. 19 സംഘടനകള്‍ ഉള്‍പ്പെടുന്ന ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൌണ്ടേഷനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എന്‍.എസ്.എയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് സ്നോഡന് വിവര ചോരണം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ആണ് ഹര്‍ജി. എന്‍.എസ്.എക്കെതിരെയുള്ള ആദ്യ പരാതിയാണിത്. കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംഘം ചേരാനും സംഘടിതമായി രാഷ്ട്രീയ അഭിപ്രായ പ്രകടനം നടത്താനും ഭരണഘടനാ നല്കുന്ന അവകാശത്തെ തടയുന്നതാണ് സര്‍ക്കാറിന്റെ നടപടി എന്നാണ് പരാതിക്കാരുടെ വാദം.
വിദേശ പൌരരുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം യു.എസ് പൌരരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വന്‍തോതില്‍ രഹാസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നതായും സ്നോഡന് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സ്നോഡന് മേല്‍ യു.എസ് ചാരവൃത്തി കുറ്റം ചുമത്തിയിട്ടുണ്ട്.
