കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ പൂജ നടത്തി അസമിലെ ഒരു വിഭാഗം. കൊറോണവൈറസിനെ ദേവിയായി കണ്ടാണ് ആരാധന. കൊറോണബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊറോണ ദേവി പൂജ മാത്രമാണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം എന്ന വിചിത്ര വാദവുമായാണ് ചിലര്‍ പൂജ നടത്തുന്നത്. അസമിലെ സ്ത്രീകള്‍ കൊറോണ ദേവീപൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടിട്ടുണ്ട്.
ഞങ്ങള്‍ കൊറോണ മായെ പൂജിക്കുകയാണ്. പൂജ അവസാനിക്കുമ്പോള്‍ കാറ്റ് വന്ന് വൈറസിനെ തകര്‍ത്ത് കളയുമെന്ന് കൊറോണ ദേവീപൂജ നടത്തിയ ഒരു സ്ത്രീ പറഞ്ഞു. ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ലയിലും ഗുവാഹത്തിയിലടക്കം ഈ പൂജ നടന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ബിശ്വനാഥ് ചരിയാലിയില്‍ ശനിയാഴ്ചയാണ് കൊറോണ ദേവീപൂജ നടത്തിയത്.
ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പൂജ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പൂജ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇന്നലെ മാത്രം 81 പേര്‍ക്കാണ് അസമില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,324 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 9,971 കൊറോണ കേസുകളാണ്. ഇതോടെ 2,46,628 കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.

