Skip to main content
ബന്ദര്‍ സെരി ബെഗവാന്‍

 

യു.എസും വിയറ്റ്‌നാമും തമ്മില്‍ 1-2-3 കരാര്‍ എന്നറിയപ്പെടുന്ന സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ അനുസരിച്ച് ആണവായുധത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടില്ലെന്ന് വിയറ്റ്നാം സമ്മതിച്ചതായി യു.എസ് അധികൃതര്‍ അറിയിച്ചു.

 

ബ്രുണൈയില്‍ നടക്കുന്ന കിഴക്കനേഷ്യന്‍ ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ വിയറ്റ്നാം പ്രധാനമന്ത്രി എന്‍ഗുയെന്‍ താന്‍ തുങ്ങും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമാണ്‌ കരാറില്‍ ഒപ്പുവെച്ചത്.

 

യു.എസ് ആണവ റിയാക്ടറുകള്‍ക്ക് വിയറ്റ്‌നാമില്‍ വിപണി ലഭിക്കാന്‍ വഴിതുറക്കുന്നതാണ് കരാര്‍. കിഴക്കനേഷ്യയില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാമതുള്ള ഈ വിപണിയില്‍ 2030-ഓടെ 5000 കോടി ഡോളറിന്റെ വ്യാപാരം നടക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. എന്നാല്‍, കരാര്‍ അനുസരിച്ച് ആയുധ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതികവിദ്യയോ ഉപകരണമോ പ്രക്രിയകളോ വിയറ്റ്നാം സ്വന്തമാക്കാന്‍ പാടില്ല.

 

യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം ലഭിച്ച ശേഷം 90 ദിവസത്തിനുള്ളില്‍ യു.എസ് പാര്‍ലിമെന്റായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ലെങ്കില്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

 

കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് വിയറ്റ്‌നാം ആണവോര്‍ജത്തിലേക്ക് തിരിയുന്നത്. രാജ്യത്തെ ആദ്യ വാണിജ്യ റിയാക്ടര്‍ 2020-ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കരുതുന്നു. 2030-ഓടെ രാജ്യത്തെ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ 10 ശതമാനം ഈ മാര്‍ഗ്ഗത്തിലൂടെ ആവണമെന്നാണ് പ്രഖ്യാപിത ലക്ഷ്യം.

 

കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലുള്ള വിയറ്റ്നാം റഷ്യയുമായി ഇതിനകം ആണവ സഹകരണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഭൂകമ്പ-സുനാമി മേഖലകളില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന റിയാക്ടറുകള്‍ക്കെതിരെ തദ്ദേശവാസികളില്‍ പ്രതിഷേധവും ശക്തമാണ്.  

 

2008-ല്‍ യു.എസ് ഇന്ത്യയുമായി സമാനമായ കരാറില്‍ ഒപ്പുവെച്ചിരുന്നു. അന്ന് യു.പി.എ സര്‍ക്കാറിന് നല്‍കിയിരുന്ന പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചത് ഈ കരാറിനെ തുടര്‍ന്നാണ്‌.