Skip to main content
ന്യൂഡല്‍ഹി

delhi cm candidates

 

ബുധനാഴ്ച നടക്കുന്ന നിര്‍ണ്ണായകമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഡെല്‍ഹി ഒരുങ്ങി. ആം ആദ്മി പാര്‍ട്ടി (എ.എ.പി)യുടെ രംഗപ്രവേശത്തോടെ വാശിയേറിയ ത്രികോണ മത്സരത്തിനാണ് ഡെല്‍ഹിയില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. നാലാമതും അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും 15 വര്‍ഷമായി കൈപ്പാടകലെ നില്‍ക്കുന്ന ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പിയും കച്ച മുറുക്കുന്നു. അഴിമതി വിരുദ്ധ പ്രചാരണങ്ങളില്‍ നിന്ന്‍ കക്ഷിരാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ച എ.എ.പിക്കാകട്ടെ ഇത് നിലനില്‍പ്പിന്റെ കൂടി പോരാട്ടമാണ്.

 

ആകെയുള്ള 70 നിയോജക മണ്ഡലങ്ങളിലേക്കും ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. 66 ലക്ഷം പുരുഷന്മാരും 53 ലക്ഷം സ്ത്രീകളുമടക്കം 1.19 കോടി വോട്ടര്‍മാര്‍ 810 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണ്ണയിക്കും. 11,763 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 93 നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്.

 

നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണത്തെ പിന്തുണക്കുന്ന പാര്‍ട്ടികള്‍ എന്നാല്‍, പത്ത് ശതമാനം പോലും സ്ത്രീകളെ മത്സരിപ്പിക്കുന്നില്ല. കോണ്‍ഗ്രസും എ.എ.പിയും ആറു സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയപ്പോള്‍ ബി.ജെ.പി പട്ടികയിലുള്ളത് അഞ്ചു സ്ത്രീകള്‍ മാത്രമാണ്. സ്ഥാനാര്‍ഥികളില്‍ സ്ത്രീകളുടെ ആകെ എണ്ണം 70 മാത്രമാണ്.

 

കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എ.എ.പിയ്ക്കും പുറമേ ബഹുജന്‍ സമാജവാദി പാര്‍ട്ടിയും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. രണ്ട് സീറ്റുകളില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദളിന്റെ സ്ഥാനാര്‍ഥികളെ ബി.ജെ.പി പിന്തുണക്കുന്നു. സി.പി.ഐ (10 സീറ്റുകള്‍), സി.പി.ഐ.എം (03), എന്‍.സി.പി (09) എന്നിവയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന മറ്റ് പ്രധാന പാര്‍ട്ടികള്‍.

 

അതിനിടെ, എ.എ.പി നടത്തിയ ഒരു അഭിപ്രായ സര്‍വേ പാര്‍ട്ടി 38 മുതല്‍ 50 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അവകാശപ്പെട്ടു. എന്നാല്‍, ഡെല്‍ഹിയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എ.എ.പിയെ പിന്തുണച്ച് തങ്ങളുടെ വോട്ടുകള്‍ ജനങ്ങള്‍ നഷ്ടപ്പെടുത്തില്ലെന്ന് ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ഡോ. ഹര്‍ഷ വര്‍ദ്ധനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ മൂന്ന്‍ തവണ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച നിലവിലെ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍.  

Tags