Skip to main content
സോള്‍

kim jong unഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങ് അന്‍ തന്റെ അമ്മാവന്റെ കുടുംബത്തിലെ എല്ലാവരേയും വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. ഇവരില്‍ ക്യൂബ, മലേഷ്യ എന്നീ രാജ്യങ്ങളിലെ ഉത്തര കൊറിയയുടെ സ്ഥാനപതിമാരും ഉള്‍പ്പെടും. ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യോന്‍ഹപ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‍ അമ്മാവനായ ജാങ്ങ് സോങ്ങ്-തക്കിനെ കഴിഞ്ഞ മാസം കിം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

 

കിമ്മിന്റെ അച്ഛനായ കിം ജോങ്ങ് ഇല്ലിന്റെ ഭരണകാലത്ത് അതീവശക്തനായ സൈനിക ജനറലായിരുന്നു ജാങ്ങ്. 2011-ഇല്‍ കിം ജോങ്ങ് ഇല്ലിന്റെ മരണശേഷം അധികാരത്തില്‍ എത്തിയ കിം ജോങ്ങ് അന്‍ ഈയിടെയാണ് അമ്മാവനുമായി തെറ്റിയത്.

 

കൊച്ചുകുട്ടികളടക്കം ജാങ്ങിന്റെ മക്കളേയും ബന്ധുക്കളേയുമെല്ലാം വധിച്ചതായി പേരു വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് യോന്‍ഹപ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ജാങ്ങിന്റെ സഹോദരീ ഭര്‍ത്താവും ക്യൂബയിലെ സ്ഥാനപതിയുമായിരുന്ന ജോന്‍ യോങ്ങ്-ജിന്‍, അനന്തരവനും മലേഷ്യയിലെ സ്ഥാനപതിയുമായ ജാങ്ങ് യോങ്ങ്-ചൊല്‍ എന്നിവരാണ് വധിക്കപ്പെട്ടവരില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍.

 

ഉത്തര കൊറിയ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.