Skip to main content
വാഷിങ്ടണ്‍

laxmiരാജ്യാന്തര തലത്തില്‍ ധീരതയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആസിഡ് ആക്രമണത്തെ അതിജീവിച്ച ഇന്ത്യക്കാരി ലക്ഷ്മിക്ക്. ആസിഡ് ആക്രമണത്തിനിരയാവുകയും തുടര്‍ന്ന് അത് അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്ത ലക്ഷ്മിക്ക് യു.എസ്സിന്റെ ഇന്‍റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.

 

2005-ല്‍ പതിനാറാം വയസ്സില്‍ ന്യൂഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ വെച്ചാണ് ലക്ഷ്മിക്കുനേരേ ആസിഡ് ആക്രമണമുണ്ടായത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തിന്റെ സഹോദരന്‍ കൂടിയായ യുവാവ് ഈ അതിക്രമത്തിന് മുതിര്‍ന്നത്. ലക്ഷ്മിയുടെ മുഖം പൂര്‍ണമായും പൊള്ളിവികൃതമായി.  

 

ആസിഡ് ആക്രമണത്തിനിരയായവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരിക പോലും ചെയ്യാതെ വീട്ടില്‍ ചടഞ്ഞുകൂടുമ്പോള്‍ തന്റെ വൈരൂപ്യം വകവെക്കാതെ മുന്നോട്ടുപോയ ലക്ഷ്മി പ്രത്യക്ഷപ്പെട്ട് ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തി. ആസിഡ് വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് 27000 പേരുടെ ഒപ്പു ശേഖരിച്ച് സുപ്രീം കോടതിയെ സമീപിച്ചു.

 

ആസിഡ് ആക്രമണത്തിനെതിരെ ലക്ഷ്മി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇരകളെ സംരക്ഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും ഉതകുന്ന നിയമം കൊണ്ടുവരാനും ആസിഡ് വില്‍പ്പന നിയന്ത്രിക്കാനും സഹായിച്ചതെന്നും യു.എസ് വിദേശകാര്യവകുപ്പ് അറിയിച്ചു. യു.എസ്. വിദേശകാര്യ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമവനിത മിഷേല്‍ ഒബാമ സമ്മാനിക്കും.

 

കഴിഞ്ഞ വര്‍ഷവും ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതും ഇന്ത്യക്കാരിയെയാണ്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ നിര്‍ഭയ എന്ന പെണ്‍കുട്ടിയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം. 2007-ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.