ഡല്‍ഹി എംയിസ് ആശുപത്രിയിലെ മലയാളി നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജന്ദര്‍മന്തറില്‍ വച്ച് നഴ്സുമാര്‍ ധര്‍ണ്ണ നടത്തുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാമെന്ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ ഉറപ്പ് ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് നഴ്സുമാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.
മരണത്തിന് ഉത്തരവാദികളായ ചീഫ് നേഴ്സിംഗ് ഓഫീസര്‍ ചാന്ദ്, ഡെപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ട് കൃഷ്ണ പക്ഷി എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എയിംസ് ആശുപത്രിയിലെ നേഴ്സായിരുന്ന തൊടുപുഴ സ്വദേശിനി മോളി സിബിച്ചന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നേഴ്സുമാര്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലിസ്ഥലത്തെ പീഢനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മോളിയുടെ ഭര്‍ത്താവ് സിബിച്ചന് നേരത്തെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
