കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്ക്കും കുറഞ്ഞ ചിലവില്‍ ആരോഗ്യ പരിരക്ഷ, എല്ലാവര്ക്കും പാര്‍പ്പിടം എന്നിവയാണ് ഈ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.കെ ആന്റണി, ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ആരോഗ്യം അവകാശമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമേഖലയുടെ വിഹിതം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ഉയര്‍ത്തുമെന്നും ഇന്ദിരാ ആവാസ് യോജനയും രാജീവ് ആവാസ് യോജനയുടെയും പ്രയോജനം ഗ്രാമീണ-നഗര പ്രദേശങ്ങളിലെ കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുമെന്നും തുടങ്ങി നിരവധി വാക്ദാനങ്ങള്‍ കോണ്‍ഗ്രസ് പട്ടികയില്‍ ഉറപ്പ് നല്‍കുന്നുണ്ട്.
സാമ്പത്തിക രംഗത്ത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നും സാമൂഹിക-സാമ്പത്തിക സുരക്ഷയേക്കാള്‍ മതേരത്വത്തിന്റെയും ഭരണഘടന സംവിധാനത്തിന്റെയും സുരക്ഷയാണ് കോണ്‍ഗ്രസിന് പ്രധാനമെന്നും സോണിയ ഗാന്ധി പറഞ്ഞു. രാജ്യ താല്പര്യത്തിനായി ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഗുജറാത്ത് ഒരു വികസന മാതൃകയേയല്ലെന്നും ഗുജറാത്തിന്റെ മാതൃകയല്ല കോണ്‍ഗ്രസിനുള്ളതെന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അഭിപ്രായ സര്‍വ്വേകളെ കോണ്‍ഗ്രസ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും 2004-ലും 2009-ലും അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചത് പോലെയല്ല സംഭവിച്ചത് എന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് ചൂണ്ടിക്കാട്ടി.
സൈന്യത്തിന്റെ ആധുനികവത്കരണം ത്വരിതപ്പെടുത്തുമെന്നും. സൈന്യത്തിന് കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ വാ്ങ്ങുകയും ഇടപാടുകള്‍ സുതാര്യമാക്കുകയും ചെയ്യുമെന്നും എ. ആന്റണി പറഞ്ഞു. യുവാക്കളും സ്ത്രീകളും ആദിവാസികളുമടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നുളളവരില്‍ നിന്നായി രാഹുല്‍ ഗാന്ധി നടത്തിയ ആശയവിനിമയത്തില്‍ വരുന്ന അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

