അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന്‍ മണിയോടെയാണ് അഫ്ഗാനിലെ ഹിരത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തോക്കുധാരികളായ മൂന്നുപേര്‍ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം മണിക്കൂറുകളോളം നീണ്ടു നിന്നു. അഫ്ഗാന്‍ സൈന്യത്തിന്റെയും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനയുടെയും സംയോജിതമായ ഇടപെടലാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്.മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഓഫിസിന്റെ സുരക്ഷാ ചുമതല അഫ്ഗാനിസ്ഥാന്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടക്കുകയാണ്.
നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയിലാണ് ഹിരത്ത് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതിനു സമാനമായ ഒരു ആക്രമണം അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായിരുന്നു. അന്ന് നാലു പേരാണ് കൊല്ലപ്പെട്ടത്.

