ഉത്തര്‍പ്രദേശിലെ ബദാവൂനില്‍ രണ്ട് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. സംഭവത്തില്‍ നടുക്കം അറിയിച്ച ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. ‘ആണ്‍കുട്ടികള്‍ എപ്പോഴും ആണ്‍കുട്ടികളായിരിക്കും’ എന്ന വിനാശകരമായ കാഴ്ചപ്പാട് മാറ്റാന്‍ അദ്ദേഹം സമൂഹത്തെ ആഹ്വാനം ചെയ്തു.
നൈജീരിയ മുതല്‍ പാകിസ്ഥാന് വരെ, കാലിഫോര്‍ണിയ മുതല്‍ ഇന്ത്യ വരെ കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ മാത്രം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നിന്ദ്യമായ ആക്രമണങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചതെന്ന് ബാന്‍ ചൂണ്ടിക്കാട്ടി. വിസര്‍ജ്ജന സൗകര്യങ്ങളുടെ അഭാവം മൂലം പുറത്തുപോയപ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യയിലെ പെണ്‍കുട്ടികളുടെ അനുഭവം തന്നെ അത്യധികം നടുക്കിയതായി ബാന്‍ പറഞ്ഞു. സമാധാനത്തിന്റേയും സുരക്ഷയുടേയും മനുഷ്യാവകാശങ്ങളുടേയും വികസനത്തിന്റേയും പ്രശ്നമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമമെന്ന് ബാന്‍ കൂടിച്ചേര്‍ത്തു.
സ്ത്രീകള്‍ നിരസിച്ചതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ എലിയട്ട് റോജര്‍ എന്ന 22-കാരന് മൂന്ന് സ്ത്രീകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന് പാകിസ്ഥാനില്‍ ഗര്‍ഭിണിയെ കല്ലെറിഞ്ഞു കൊന്ന സംഭവവും ബോക്കോ ഹറാം എന്ന തീവ്രവാദ സംഘടന 200-ല്‍ അധികം പെണ്‍കുട്ടികളെ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ സംഭവവുമാണ് ബാന്‍ യു.പി സംഭവത്തിനൊപ്പം പരാമര്‍ശിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങളേയും കൊലപാതകങ്ങളേയും കുറിച്ചുള്ള വാര്‍ത്തകള്‍ ഭീതിജനകമാണെന്ന് യു.എസ് വിദേശകാര്യ വകുപ്പ് പറഞ്ഞു. ബദാവൂന്‍ കൂട്ടമാനഭംഗക്കൊലയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിദേശകാര്യ വക്താവ് മേരി ഹര്‍ഫ്. ഇത്തരം അക്രമങ്ങള്‍ അതിജീവിക്കുന്നവര്‍ക്ക് സംരക്ഷണം നല്കുന്നതില് വ്യക്തികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൗരസമൂഹ പ്രസ്ഥാനങ്ങളും വഹിക്കുന്ന പങ്കിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.
