ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ മാറ്റുന്നതിന് മുന്നോടിയായി എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച അസമിലെത്തും. തിരഞ്ഞെടുപ്പില്‍ 14-ല്‍ മൂന്ന് സീറ്റ് മാത്രമേ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേടാനായുള്ളു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച് ഗോഗോയി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്ത് തന്നെ തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗൊഗോയിയോട് അവശ്യപ്പെടുകയായിരുന്നു.
2001 മുതല്‍ അസമിന്റെ മുഖ്യമന്ത്രിയായി തുടരുന്ന ഗൊഗോയിക്കെതിരെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വിമതര്‍ നിലപാട് ശക്തമാക്കുകയായിരുന്നു. അസമിലെ 75 എം.എല്‍.എമാരില്‍ 45 പേരും മുഖ്യമന്ത്രിക്ക് എതിരാണെന്നാണ് പുറത്തുവരുന്ന വിവരം. ലോക്സഭയിലേക്ക് അസമില്‍ കോണ്‍ഗ്രസിനു വെറും മൂന്നേ മൂന്നു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. 14 സീറ്റില്‍ ഏഴെണ്ണവും ബി.ജെ.പി നേടി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാനെയും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയെയും മാറ്റുവാനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

