Skip to main content
ശ്രീഹരിക്കോട്ട

pslv launched

 

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) പി.എസ്.എല്‍.വി സി.-23 റോക്കറ്റ് തിങ്കളാഴ്ച കാലത്ത് വിജയകരമായി വിക്ഷേപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. അഞ്ച് വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ദൗത്യം.

 

230 ടണ്‍ ഭാരമുള്ള ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനം കാലത്ത് 9.52-നാണ് പറന്നുയര്‍ന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി വിക്ഷേപിച്ചത്. 714 കിലോഗ്രാം ഭാരമുള്ള ഫ്രാന്‍സിന്റെ സ്പോട്ട് 7 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായിരുന്നു ഇതില്‍ പ്രധാനം.  

 

റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വികസിത രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ് ഇന്ന്‍ വിക്ഷേപിക്കപ്പെട്ടത്. ഇന്ത്യയുടെ ബഹിരാകാശ ശേഷിയ്ക്കുള്ള ആഗോള അംഗീകാരമാണിതെന്ന്‍ പ്രധാനമന്ത്രി പറഞ്ഞു.   

 

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍, മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു എന്നിവരും വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം എത്തിയിരുന്നു.

Tags