തമിഴ്‌നാട്ടിലെ കുംഭകോണത്ത് 2004-ല്‍ സ്കൂളിന് തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും മാനേജറും അടക്കം പത്ത് പേര്‍ കുറ്റക്കാരെന്ന് കോടതി. പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവും 47 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അപകടം നടന്ന കൃഷ്ണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മാനേജറിന് പത്ത് വര്‍ഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. 11 പേരെ തഞ്ചാവൂരിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ടു വിട്ടയച്ചു.
2014 ജൂലൈ 16-ന് നടന്ന ദുരന്തത്തിന് പത്ത് വര്‍ഷം തികഞ്ഞ വേളയിലാണ് കോടതി ബുധനാഴ്ച വിധി പറഞ്ഞത്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയില്‍ പടര്‍ന്ന തീ ഓലമേഞ്ഞ സ്കൂളിന്റെ മേല്‍ക്കൂരയിലേക്ക് വ്യാപിക്കുകയായിരുന്നു. അഞ്ചിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. 18 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തീയില്‍ അകപ്പെട്ട കുട്ടികളെ ഉപേക്ഷിച്ച് അദ്ധ്യാപകര്‍ രക്ഷപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മുനിസിപ്പാലിറ്റിയുടെ ലൈസന്‍സ് ഇല്ലാത്ത കെട്ടിടത്തില്‍ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനം അടക്കം മൂന്ന്‍ സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി പിന്നീട് തെളിഞ്ഞു. സ്കൂളിന്റെ വിവിധ സാക്ഷ്യപത്രങ്ങള്‍ ഒരു സന്ദര്‍ശനം പോലും നടത്താതെയാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയിരുന്നതെന്നും തെളിഞ്ഞിരുന്നു.