Skip to main content
തിരുവനന്തപുരം

bennet abrahamലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഡോ. ബെന്നറ്റ് എബ്രഹാ​മിനെ സി.പി.ഐ. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനു പിന്നില്‍ അഴിമതി നടന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ സംസ്ഥാന ലോകായുക്ത അമിക്കസ് ക്യൂറിയെ നിയമിച്ചു. ഹൈക്കോടതിയില്‍ അഭിഭാഷകനായ ജി. ഹരികുമാറായിരിക്കും അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിക്കുക. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

 

സി.പി.ഐ ഓഫീസില്‍ നിന്ന് ആവശ്യമെങ്കില്‍ രേഖകള്‍ പിടിച്ചെടുക്കാമെന്ന ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിച്ചാണ് ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത കെ.ബി ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ വിധി.

 

തിരുവനന്ത​പു​രം പാർ​ല​മെന്റ് സീ​റ്റിൽ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നാ​യി ഡോ. ബെന്നറ്റ് എബ്രഹാ​മിൽ നിന്നും സി.പി.ഐ പണം വാങ്ങിയെന്ന്‍ ആരോപിച്ച് ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന്‍ അച്ചടക്ക നടപടി നേരിട്ട  സി.ദിവാകരൻ, പി. രാമചന്ദ്രൻ നായർ, ബെന്നറ്റ് എബ്രഹാം എ​ന്നി​വർ​ക്കെ​തി​രെയാണ് ഹർ​ജി.

 

പോലീസ് അക്കാദമി ഡയറക്ടറായ ഐ.ജി സുരേഷ്‌രാജ് പുരോഹിതിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. ഡിസംബർ 24-ന് മുമ്പ് റിപ്പോർട്ട് നല്‍കാനാണ് ലോ​കാ​യു​ക്തയുടെ നിർദ്ദേശം.

 

ഈ വിഷയം ചര്‍ച്ച ചെയ്ത പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പിടിച്ചെടുക്കാമെന്നായിരുന്നു ലോകായുക്തയുടെ ആദ്യവിധി. എന്നാല്‍, ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് കാണിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയത്. ഇത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും പന്ന്യന്‍ ഹര്‍ജിയില്‍ പറഞ്ഞു.